തിരയില്‍പെട്ട് വള്ളം തകര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ചു

ഗുരുതര പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

author-image
Prana
New Update
sathi death

സതി

വിഴിഞ്ഞത്ത് വന്‍തിരയില്‍ പെട്ട് വള്ളം തകര്‍ന്നതിനെത്തുടര്‍ന്ന് കടലില്‍ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ഗുരുതര പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വേളിടൂറീസ്റ്റ് വില്ലേജിന് സമീപം പൊഴിക്കരയില്‍ പരേതനായ രവീന്ദ്രന്റെയും മുല്ലമ്മയുടെയും മകന്‍ സതി(49) ആണ് മരിച്ചത്. ഇയാളുടെ അമ്മാവന്റെ മകനായ സുധീഷ്(45) ആണ് ചികിത്സയിലുളളത്. അപകടത്തില്‍ മരിച്ച സതിയുടെ സഹോദരന്‍ രതീഷ്, ഇളയച്ഛന്‍ സുധാകരന്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വളളത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. മീന്‍പിടിത്ത വലകളും നഷ്ടപ്പെട്ടു.
ബുധനാഴ്ച രാവിലെ 10 ഓടെ വേളി പൊഴിക്കര ഗണപതി ക്ഷേത്രത്തിന് പടിഞ്ഞാറുളള കടലിലാണ് അപകടം. മീന്‍പിടിത്തം കഴിഞ്ഞ് കരയിലേക്ക് വരുമ്പോള്‍ ഇവരുടെ വളളത്തിന് പിന്നില്‍ വലിയ തിരയടിച്ച് മറിയുകായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍. അവിവാഹിതനാണ് മരിച്ച സതി. സഹോദരങ്ങള്‍: സുരേഷ്, സതീഷ്, പ്രീത, സിന്ധു. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് കേസെടുത്തു.

 

vizhinjam fisherman death