വര്‍ക്കലയില്‍ ട്രെയിനില്‍ ആക്രമണത്തിന് ഇരയായ പത്തൊന്‍പതുകാരിയ്ക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ 'അമ്മ

ആരോഗ്യനില തൃപ്തികരമെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ട്രെയിനിൽ നിന്ന് നടുവിന് ചവിട്ടിയാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ്‌കുമാർ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് എഫ്‌ഐആർ.

author-image
Devina
New Update
mother

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ ആക്രമണത്തിന് ഇരയായ പത്തൊൻപതുകാരി ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ 'അമ്മ പ്രിയദർശിനി .  

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിൽ അതൃപ്തി അറിയിച്ച കുടുംബം മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

മകളുടെ ശരീരത്തിൽ ഇരുപത് മുറിവുകൾ ഉണ്ടെന്നും മകളെ ജീവനോടെ വേണമെന്നും അമ്മ പ്രിയദർശിനി പറഞ്ഞു

'എന്റെ കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്.

നെഞ്ചുപൊട്ടിയാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്. അവൾക്ക് ജീവൻ ഉണ്ടോ ഇല്ലയോ എന്നുപോലും അറിയില്ല.

 കാലിലൊക്കെ പിടിച്ചുനോക്കിയപ്പോൾ ഐസുകട്ട പോലെ ഇരിക്കുന്നു.

നല്ലൊരു ചികിത്സ കിട്ടിയതായി എനിക്ക് തോന്നുന്നില്ല.

ഡോക്ടർമാർ പറയുന്നത് ബോർഡ് യോഗം ചേർന്ന് അവരുടെ തീരുമാനം അറിഞ്ഞ ശേഷമെ അടുത്ത ചികിത്സയിലേക്ക് പോകാൻ കഴിയൂ എന്നാണ്.

അത് ഇനി എപ്പോഴാണ്'- അമ്മ മാധ്യമങ്ങളോട് പറഞ്ഞു.എന്റെ കുട്ടിക്ക് മികച്ച ചികിത്സയാണ് വേണ്ടത്.

ഞാൻ അത്ര കഷ്ടപ്പെട്ടാണ് അവളെ വളർത്തിയത്. ട്രെയിനിൽ ലേഡീസ് കംപാർട്ടുമെന്റിലും സുരക്ഷ കിട്ടുന്നില്ലെങ്കിൽ എവിടെയാണ് സുരക്ഷ കിട്ടുക.

 അയാളുടെ തോന്ന്യാസത്തിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് അവൾക്ക് ഇങ്ങനെ അനുഭവം ഉണ്ടായത്'- അമ്മ പറഞ്ഞു.

ആരോഗ്യനില തൃപ്തികരമെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

 ട്രെയിനിൽ നിന്ന് നടുവിന് ചവിട്ടിയാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ്‌കുമാർ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് എഫ്‌ഐആർ.

കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രിക്കുട്ടിക്കും സുഹൃത്തിന് നേരയും ഇയാൾ ആക്രമണം നടത്തിയതെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്.

 നിലവിൽ വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.