/kalakaumudi/media/media_files/2026/02/21/mukavara-2026-02-21-15-58-35.jpg)
കൊച്ചി: മുവാറ്റുപുഴ, വാളകം കുന്നയ്ക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവിഗ്രഹ മുഖാഭരണത്തിലെ സ്വർണഭാഗം കാണാതായതായി പരാതി. രണ്ടരപ്പവനോളം തൂക്കംവരുന്ന സ്വർണമുഖമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ക്ഷേത്രസമിതിയുടെയും ഊരാഴ്മയുടെയും പരാതിയെത്തുടർന്ന് മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൂജാരിമാരും ക്ഷേത്രസമിതി ഭാരവാഹികളും മാത്രം കൈകാര്യം ചെയ്യുന്ന മുഖാഭരണത്തിലെ സ്വർണഭാഗം മാത്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്ഷേത്രം ഓഫീസിലാണ് ഇത് കുറച്ചുനാളായി സൂക്ഷിച്ചിരുന്നത്. മുഖക്കാപ്പിന്റെ ചെവികൾ പിച്ചളയും കിരീടം വെള്ളിയുമാണ്. പരാതിക്ക് പിന്നാലെ വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
മുഖക്കാപ്പിലെ ഇടതുകണ്ണിന്റെ ഒരു ഭാഗവും വലതുകണ്ണിന്റെ താഴെ മുതലുമാണ് ഒടിച്ചു മാറ്റിയിരിക്കുന്നത്. മൂക്കുമുതൽ താഴേക്കുള്ള ഭാഗം പൂർണമായും നഷ്ടപ്പെട്ടു. മൂന്നുലക്ഷത്തിലേറെ വില വരുമെന്നാണ് പ്രാഥമിക നിഗമനം.എല്ലാ ഒന്നാംതീയതിയും വിശേഷാൽ ദിവസങ്ങളിലും ഉത്സവനാളുകളിലുമാണ് സാധാരണ മുഖാഭരണം ചാർത്തുന്നത്. ഫെബ്രുവരി 14-ന് പരിശോധിച്ചപ്പോഴാണ് മുഖക്കാപ്പിന്റെ ഒരുഭാഗം ഒടിച്ചുമാറ്റിയതായി മനസ്സിലാക്കുന്നത്. നാല്പതുദിവസം മുൻപാണ് അവസാനമായി മുഖക്കാപ്പ് വിഗ്രഹത്തിൽ ചാർത്തിയത്.
സാധാരണഗതിയിൽ വിലപിടിപ്പുള്ള ആഭരണങ്ങളും മുഖാഭരണവും സുരക്ഷിതമായി മറ്റൊരിടത്താണ് സൂക്ഷിക്കാറുള്ളത്. എന്നാൽ ഇക്കുറി ചാർത്തിയതിനുശേഷം ക്ഷേത്രത്തിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലെ മറ്റ് ആഭരണങ്ങളും കണക്കുകളും ആസ്തി രജിസ്റ്ററും പരിശോധിക്കണമെന്ന് ഊരാഴ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
