ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് സർക്കാർ കൈമാറി . പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് റിപ്പോർട്ട് കൈമാറിയത്. അതേസമയം പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് നടക്കും. ക്രൈംബ്രാഞ്ച് എഡിജിപിയാണ് യോഗം വിളിച്ചത്.
രാവിലെ പത്തരയ്ക്കാണ് പൊലീസ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം യോഗം ചേരുക. പരാതി നൽകിയവരെയെല്ലാം എസ്‌ഐടി നേരിൽ കാണും. രണ്ടാഴ്ച്ചക്കുള്ളിൽ പ്രത്യേക സംഘം സർക്കാരിന് ആക്ഷൻ ടേക്കൺ റിപ്പോർട്ടും സമർപ്പിക്കണം. അതേസമയം അന്വേഷണ സംഘത്തിന് റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ഇന്നലെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം നേരിട്ടത്. വിഷയത്തിൽ എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. രാജ്യത്തെ നിയമങ്ങൾ സർക്കാരിനും ബാധകമാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപണം അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹർജികളാണ് പ്രത്യേക ബെഞ്ചിന് മുന്നിലുളളത്.