/kalakaumudi/media/media_files/2025/07/01/keemgsrf-2025-07-01-20-39-48.jpg)
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം (കീം) 2025 പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് മൂവാറ്റുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ ഹൗസില്‍ ജോണ്‍ ഷിനോജിനാണ്(സ്‌കോര്‍ 588.5773/600). രണ്ടാം റാങ്ക് എറണാകുളം ചെറായി പൊട്ടാശ്ശേരി ഹൗസില്‍ ഹരികിഷന്‍ ബൈജുവും(588.5773/600) മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി ബി.എന്‍. അക്ഷയ് ബിജുവും(588.5773/600) നേടി. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.
എന്‍ജിനീയറിങ് വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയത് പൊതുറാങ്കിങ്ങില്‍ ഒന്‍പതാം റാങ്ക് നേടിയ കൊല്ലം പെരുംപുഴ നികേതത്തില്‍ ബി.ആര്‍. ദിയ രൂപ്യയാണ്. എസ്സി വിഭാഗത്തില്‍ കാസര്‍കോട് നീലേശ്വരത്തെ ഹൃദിന്‍ എസ് ബിജുവും എസ്ടി വിഭാഗത്തില്‍ കോട്ടയം മണര്‍കാട് കൊട്ടാരത്തില്‍ കെ.എസ്.ശബരിനാഥും ഒന്നാം റാങ്ക് നേടി. 86,549 പേര്‍ പരീക്ഷ എഴുതിയതില്‍ 76,230 പേരാണ് എന്‍ജിനീയറിങ്ങിന് യോഗ്യത നേടിയത്. ഇതില്‍ രേഖകള്‍ പരിശോധിച്ച ശേഷം 67,505 പേരുടെ എന്‍ജിനീയറിങ് റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
ബിഫാം പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് ആലപ്പുഴ പത്തിയൂര്‍ സാരംഗത്തില്‍ അനഘ അനിലിനാണ്(സ്‌കോര്‍ 290.0000/300). രണ്ടാം റാങ്ക് കോട്ടയം ആര്‍പ്പൂക്കര പുല്ലാട്ട് ഹൗസില്‍ ഹൃഷികേശ് ആര്‍ ഷേണോയിയും(290.0000/300) മൂന്നാം റാങ്ക് മലപ്പുറം എളംകുളം മാടയില്‍ ഹൗസില്‍ ഫാത്തിമത്ത് സഹ്‌റയും(സ്‌കോര്‍ 290.0000/300) നേടി. 27,841 പേരാണ് ഫാര്‍മസി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത്.
അപേക്ഷയിലെയും അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിലെയും തെറ്റുകള്‍ തിരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. 2025 ലെ എഐസിടി കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 14ന് ഉള്ളില്‍ ബിടെക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ ഡോ. അരുണ്‍ എസ്. നായര്‍, ജോയിന്റ് കമ്മിഷണര്‍ ഡോ. ആര്‍. മനോജ് എന്നിവരും പങ്കെടുത്തു.