തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. ദുബായ് ടീകോം ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായുള്ള 2007 ലെ കരാര്‍ പ്രകാരം പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോം കമ്പനിയില്‍ നിന്നാണ്. എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നല്‍കാനാണ് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിസഭായോഗ തീരുമാനം കരാറിന് വിരുദ്ധമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ ടീകോമുമായി കരാര്‍ ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം പദ്ധതിയുടെ കാര്യത്തിലും തൊഴില്‍ വാഗ്ദാനത്തിന്റെ കാര്യത്തിലും ടീകോം വീഴ്ച വരുത്തിയാല്‍മൂന്നു മാസത്തിനുള്ളിൽ സർക്കാർ നോട്ടീസ് നൽകണം നോട്ടീസ് നൽകി ആറുമാസം കഴിഞ്ഞും വീഴ്ച തുടർന്നാൽ കമ്പനിയുടെ മുഴുവൻ ഓഹരിയും തിരിച്ചെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ്, കെട്ടിട നിര്‍മാണത്തിന് അടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്.
അതേസമയം ഇതുവരെ നടത്തിയ നിക്ഷേപം കണക്കാക്കി ടീകോമിനുള്ള നഷ്ടപരിഹാര തുകയും പിന്മാറ്റനയവും തീരുമാനിക്കാനായി ഒരു കമ്മിറ്റിയെയും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട് ഇതിനായി കൊച്ചി ഇൻഫോപാർക്ക് സിഇഒ, ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് എംഡി ഡോ.ബാബു ജോർജ് എന്നിവരടങ്ങുന്ന സംഘത്തെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്.നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു.
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് ഐടി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനു വേണ്ടി ടീക്കോമിന് നല്‍കിയ246 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കായി.2011 ലാണ് ഈ പദ്ധതി കരാർ ഒപ്പിട്ടത്. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായിട്ടും ദുബായ് ഹോള്‍ഡിങ്‌സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ, കരാര്‍ പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി ടീകോം സർക്കാരിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പദ്ധതിയിൽ നിന്നും ടീകോമിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. ടീകോമിന് നഷ്ടപരിഹാരം നൽകാനുളള നീക്കത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.അതേസമയം പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും കൊച്ചിയിൽ ഭൂമിക്കാവശ്യകതയുണ്ട് ഇതിനായി 100 കമ്പനികൾ കാത്തുനിൽക്കുന്നു അവർക്കു ഗുണകരമായി ഉപയോഗിക്കാൻ കൂടി വേണ്ടിയാണു കരാറിൽ നിന്ന് പിന്മാറിയതെന്നും നിക്ഷേപകർക്കു ആശങ്ക ഉണ്ടാകേണ്ട, ഇത് പുതിയ സാധ്യതയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു