ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ; ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കി

ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ (വിജിലന്‍സ്) ആയാണ് നിയമനം. ഇരുവരും ഒരേസമയം ഡിഎംഒ ആയി ഓഫീസില്‍ തുടര്‍ന്നത് നേരത്തെ വിവാദമായിരുന്നു

author-image
Punnya
New Update
DMO ASHA DEVI

ഡോ. ആശാദേവി

തിരുവനന്തപുരം: ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കി. ഡോ. രാജേന്ദ്രനെ ഡിഎച്ച്‌സിലേക്കും മാറ്റി. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ (വിജിലന്‍സ്) ആയാണ് നിയമനം. ഇരുവരും ഒരേസമയം ഡിഎംഒ ആയി ഓഫീസില്‍ തുടര്‍ന്നത് നേരത്തെ വിവാദമായിരുന്നു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കസേരകളിയില്‍ വീണ്ടും വന്‍ ട്വിസ്റ്റുകളാണ് ഉണ്ടായത്. കഴിഞ്ഞ മാസം ഒമ്പതിന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മൂന്ന് ഡിഎംഒമാരെയും നാല് അഡീഷണല്‍ ഡയറക്ടര്‍മാരെയും ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ഡോക്ടര്‍ എന്‍ രാജേന്ദ്രനു പകരം ഡോക്ടര്‍ ആശാദേവി ഡിസംബര്‍ പത്തിന് ചുമതലയേറ്റിരുന്നു. പിന്നാലെ സ്ഥലം മാറ്റ ഉത്തരവിനെതിരെ എന്‍ രാജേന്ദ്രന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമര്‍പ്പിച്ചു. അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി ചുമതലയേല്‍ക്കുകയായിരുന്നു. അവധിയില്‍ ആയിരുന്ന ഡോക്ടര്‍ ആശാദേവി ഡിഎംഒ ഓഫീസില്‍ എത്തിയതോടെ ഒരു ഓഫീസില്‍ രണ്ടു ഡിഎംഒ എന്നായി സ്ഥിതി. ഇത് നാണക്കേടായതോടെ നേരത്തെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ഇതോടെയാണ് ഡോക്ടര്‍ രാജേന്ദ്രനും സ്ഥലം മാറ്റപ്പെട്ട, കണ്ണൂര്‍ ഡിഎംഒ ഡോക്ടര്‍ പിയുഷ് നമ്പൂതിരിയും അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ ജയശ്രീയും ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞു. പരാതിക്കാരുടെ ഭാഗം കേട്ട ശേഷം ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.

kozhikode DMO