മലപ്പുറം∙ നിപ്പ സംശയിക്കുന്നതിനാൽ മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന രണ്ടു കുട്ടികളുടെയും നേരിട്ടു സമ്പർക്കം ഇല്ലാത്ത മറ്റൊരാളുടെയും സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ് ന്ലവിൽ ഈ മൂന്നു പേരും
ഇവരിൽ ഒരാൾക്ക് വൈറൽ പനി സ്ഥിരീകരിച്ചിട്ടുണ്ട്. സ്രവപരിശോധന ഫലം ഉച്ചയോടെ ലഭിക്കും. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കൊണ്ടോട്ടി സ്വദേശിയായ കുട്ടി, മരിച്ച പതിനാലുകാരന് ഒപ്പമാണ് പഠിച്ചിരുന്നത്. ആനക്കയം പഞ്ചായത്തിലെ പന്തല്ലൂരിലുള്ള സ്കൂളിലാണ് ഇവർ പഠിച്ചിരുന്നത്. രോഗ ഉറവിടത്തെക്കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഒന്നുകൂടി പരിശോധിച്ചശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.
ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി മരുന്നും പുണെയിൽ പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുൻപ്, രാവിലെ 10.50നാണ് പതിനാലു വയസ്സുകാരന് ഹൃദയാഘാതമുണ്ടായത്. 11.30ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രോട്ടോകോൾ അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. വീട്ടുകാരോട് ആലോചിച്ച് സംസ്കാരത്തിന്റെ കാര്യം തീരുമാനിക്കുമെന്നും വീണാ ജോർജ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
