കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോർഡിനോട് കോടതി പറഞ്ഞു.
ഉന്നതാധികാര സമിതി, പൊലീസ്, സ്‌പെഷൽ കമ്മിഷണർ എന്നിവരെ തീരുമാനം അറിയിക്കണമെന്ന് ബോർഡിന് കോടതി നിർദേശം നൽകി. പുതിയ ഭസ്മക്കുളം നിർമാണത്തിന്റെ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ശബരിമലയിൽ പുതിയ ഭസ്മക്കുളത്തിനു കല്ലിട്ടത്. തന്ത്രി കണ്ഠരര് രാജീവര്,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവർ ചേർന്നാണ് കല്ലിട്ടത്.
മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപം കൊപ്രാക്കളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് പുതിയ ഭസ്മക്കുളം നിർമിക്കുന്നത്. കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ ഐസിഎൽ ഫിൻ കോർപ്പ് സിഎംഡി കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് കല്ലിട്ടു. പഞ്ചലോഹഗണപതി വിഗ്രഹം ശബരിമല എൻട്രി പോയിന്റിലേക്കു മാറ്റി സ്ഥാപിക്കുന്നതിന്റെയും ശിലസ്ഥാപന കർമം നടന്നു.