ശബരിമലയിൽ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന കർശന നിലപാടിൽ ഉറച്ചു ഹൈക്കോടതി

ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി.

author-image
Devina
New Update
sabari hykodathi

കൊച്ചി:  ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി.

ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി.

ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലെടുത്ത ബുക്കിങ് കൂപ്പണുകളുമായി എത്തിയ നിരവധി പേര്‍ ഇതിലുള്‍പ്പെടുന്നു.

ഇന്നലെ മാത്രം 87,000 ലേറെ ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതില്‍ മറ്റു ദിവസങ്ങളില്‍ ബുക്കിങ് എടുത്തവരും ഉള്‍പ്പെടുന്നുണ്ട്.

ഇക്കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.