സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

രാതിയിലെ പല ആരോപണങ്ങളിലും വ്യക്തതയില്ലെന്നും യുവാവ് പരാതി നല്‍കാന്‍ വൈകിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടിയാണു കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ്.ആര്‍. കൃഷ്ണകുമാറാണ് രഞ്ജിത്തിന്റെ ഹര്‍ജി പരിഗണിച്ച് കേസ് റദ്ദാക്കാന്‍ തീരുമാനിച്ചത്.

author-image
Biju
New Update
ranjithfsd

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയായ യുവാവാണു പരാതി നല്‍കിയിരുന്നത്. സംഭവം നടന്നു 12 വര്‍ഷത്തിനുശേഷമാണു യുവാവ് പരാതി നല്‍കിയത്. 

എന്നാല്‍ പരാതിയിലെ പല ആരോപണങ്ങളിലും വ്യക്തതയില്ലെന്നും യുവാവ് പരാതി നല്‍കാന്‍ വൈകിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടിയാണു കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ്.ആര്‍. കൃഷ്ണകുമാറാണ് രഞ്ജിത്തിന്റെ ഹര്‍ജി പരിഗണിച്ച് കേസ് റദ്ദാക്കാന്‍ തീരുമാനിച്ചത്. കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.

2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണു കേസ്. ഈ ദൃശ്യങ്ങള്‍ പ്രമുഖ നടിക്ക് അയച്ചുനല്‍കിയെന്നും യുവാവ് ആരോപിച്ചിരുന്നു. എന്നാല്‍ സംഭവം നടക്കുന്ന സമയം ഈ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ലെന്ന വിവരവും പുറത്തുവന്നിരുന്നു. 

കോഴിക്കോട് കസബ പൊലീസാണ് ഇതില്‍ ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തതെങ്കിലും ബെംഗളൂരുവിലാണു സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് പിന്നീട് കര്‍ണാടക പൊലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസില്‍നിന്ന് കത്ത് ലഭിച്ച കര്‍ണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

 

Ranjith