അധ്യാപികയുടെ ഭര്‍ത്താവിന്റെ മരണം: പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

author-image
Biju
New Update
SHIVANKUTYTY

തിരുവനന്തപുരം: മകന്റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയുമായി വിദ്യാഭ്യാസവകുപ്പ്. 

അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഓഫിസ് പി.എ എന്‍.ജി.അനില്‍കുമാര്‍, സൂപ്രണ്ട് എസ്.ഫിറോസ്, സെക്ഷന്‍ ക്ലര്‍ക്ക് ആര്‍.ബിനി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.  സ്‌കൂളിലെ പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിനു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിലുള്ള നാറാണംമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ 12 വര്‍ഷമായി അധ്യാപികയായ ലേഖ രവീന്ദ്രന്റെ  യുപിഎസ് ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ച് ഹൈക്കോടതി 2024 നവംബര്‍ 26 ന് ഉത്തരവിടുകയും ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 

സര്‍ക്കാര്‍ 2025 ജനുവരി 17നും ഇതിനായി നിര്‍ദേശം നല്‍കി. എന്നാല്‍ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കാതെ, വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കുകയും  സ്പാര്‍ക്ക് ഓതന്റിക്കേഷന് സ്‌കൂള്‍ പ്രധാനാധ്യാപിക നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ വച്ച് താമസിപ്പിക്കുകയും ചെയ്ത  ജില്ലാ വിദ്യാഭ്യാസ ഓഫിസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

സംഭവം അത്യന്തം വേദനാജനകമാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു.  ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍. ''മരിച്ചയാളിന്റെ പിതാവുമായി സംസാരിച്ചു. നടപടികള്‍ക്ക് കാലതാമസം നേരിട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കില്‍ ഇത് ഗുരുതരമായ വീഴ്ചയാണ്. 

ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല''  മന്ത്രി പറഞ്ഞു. നേരത്തേ, നിയമനം സംബന്ധിച്ച വിഷയം ശ്രദ്ധയില്‍ വന്ന ഉടന്‍ തന്നെ,  കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇനിയൊരിക്കലും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ തുടര്‍നടപടികള്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയെ (47) ആണ് ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.