കരുവന്നൂര്‍ അന്വേഷണം 3 മാസത്തിനുള്ളില്‍ തീര്‍ക്കണം: ഹൈക്കോടതി

കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ യാതൊരു വിധത്തിലുള്ള സമ്മര്‍ദത്തിനും അടിപ്പെടരുതെന്നും സുത്യാര്യവും നേരായ മാര്‍ഗത്തിലുമായിരിക്കണം അന്വേഷണമെന്നും കോടതി നിര്‍ദേശിച്ചു.

author-image
Biju
New Update
highcourt of kerala

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിച്ചിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ഡി.കെ.സിങ് വെള്ളിയാഴ്ച നിര്‍ദേശം നല്‍കി. 

കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ യാതൊരു വിധത്തിലുള്ള സമ്മര്‍ദത്തിനും അടിപ്പെടരുതെന്നും സുത്യാര്യവും നേരായ മാര്‍ഗത്തിലുമായിരിക്കണം അന്വേഷണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് അന്വേഷണം നീണ്ടു പോകുന്നതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോടതി പൊലീസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം നടത്താനായി ഇസിഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും പങ്ക് അന്വേഷിക്കണം. ഇതിനായി ആവശ്യമുള്ള രേഖകള്‍ ഇ.ഡി, പൊലീസ് അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. 

സിപിഎം നേതാക്കള്‍ ആണല്ലോ പ്രതിപ്പട്ടികയില്‍ ഉള്ളതെന്ന് ചോദിച്ച കോടതി, ഇവരുടെ പങ്ക് അന്വേഷിക്കുക ബുദ്ധിമുട്ടായിരിക്കുമല്ലേ എന്നും വാക്കാല്‍ ചോദിച്ചു. പാര്‍ട്ടിയുടെ നേതാക്കള്‍ക്കൊന്നും പങ്കില്ലെന്ന് പറഞ്ഞിട്ട് ജില്ലാ അംഗങ്ങള്‍ വരെ ഉണ്ടല്ലോ എന്നും കോടതി വാക്കാല്‍ പറഞ്ഞു. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രന്‍, മുന്‍ ലോക്കല്‍ സെക്രട്ടറി എം.ബി.രാജു തുടങ്ങിയവരുടെ േപരുകള്‍ എടുത്തു പറഞ്ഞായിരുന്നു കോടതിയുടെ വിമര്‍ശനം.

അന്വേഷണം നടത്തുമ്പോള്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ  സമ്മര്‍ദം ചെലുത്താനായി വിളിക്കുമെന്നും അതിന് കീഴ്‌പ്പെടരുതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചു. കരുവന്നൂരുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിട്ടുള്ള 19 കേസുകളിലും ഉള്‍പ്പെട്ട എല്ലാ കുറ്റാരോപിതരുടേയും പങ്ക് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രേഖകള്‍ ഇ.ഡിക്ക് കൈമാറിയതിനാലാണ് അന്വേഷണം വൈകുന്നതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ പണം തട്ടിയെടുത്ത കേസ് അല്ലേ, അന്വേഷണത്തില്‍ ഇനിയും അമാന്തമുണ്ടാകരുത് എന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്.

 

highcourt of kerala