കൊച്ചി: സമയം വൈകിപ്പോയതുകൊണ്ട് പി.എസ്.സി പരീക്ഷാഹാളിൽ എത്താൻ സഹായംതേടിയ യുവതിക്ക് സിറ്റി പൊലീസ് രക്ഷകരായി. കഴിഞ്ഞദിവസം രാവിലെ 7ന് ചേരാനല്ലൂർ ജംഗ്ഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊച്ചി സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സി.ആർ.വി 9 എന്ന വാഹനത്തിനടുത്തേക്ക് ഓടിയെത്തിയ യുവതിയാണ് സഹായംതേടിയത്. 7.15ന് പനമ്പിള്ളിനഗർ സ്കൂളിൽ നടക്കുന്ന പി.എസ്.സി എഴുത്തുപരീക്ഷയിൽ പങ്കെടുക്കണം. ഒരുപാട് പ്രതീക്ഷയുള്ള പരീക്ഷയാണ്. ഇനി ബസിൽ പോയാൽ കൃത്യസമയത്ത് എത്തില്ല. സഹായിക്കണമെന്നായിരുന്നു അഭ്യർത്ഥന.
സിവിൽ പൊലീസ് ഓഫീസർ അരുൺ ജോസും ഡ്രൈവർ അഭിലാഷ് ഭക്തവത്സലനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ വയർലെസിലൂടെ കൺട്രോൾറൂമിൽ ബന്ധപ്പെട്ട് യുവതിയുടെ ആവശ്യം അറിയിച്ചു. ചേരാനല്ലൂർ ജംഗ്ഷനിൽനിന്ന് പരീക്ഷാകേന്ദ്രത്തിലെത്താൻ 17കിലോമീറ്ററോളം ദൂരമുണ്ട്. 15മിനിറ്റുകൊണ്ട് അവിടെ എത്തുക എന്നത് നഗരത്തിലെ ട്രാഫിക് തിരക്കിനിടെ അസാദ്ധ്യമാണ്. എങ്കിലും കൺട്രോൾ റൂമിൽനിന്ന് നിർദ്ദേശം ലഭിച്ചയുടൻ ഉദ്യോഗസ്ഥർ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. യുവതിയെ കയറ്റി എമർജൻസി അലാം മുഴക്കിക്കൊണ്ട് പൊലീസ് വാഹനം കുതിച്ചു. യുവതിയുടെ ഭാഗ്യമാകാം എല്ലാ ട്രാഫിക് സിഗ്നലുകളിലും കാത്തുകിടക്കാതെ പച്ചസിഗ്നൽ കിട്ടുകയും ചെയ്തു. കൃത്യം 7.14ന് സ്‌കൂൾ ഗേറ്റ് കടന്ന് പൊലീസ് വാഹനം പാഞ്ഞുവരുന്നതുകണ്ട് പരീക്ഷാഹാളിൽ കയറാനുള്ള അവസാനബെല്ലടിക്കാൻ കൈഉയർത്തിയ പ്യൂൺ സ്തംഭിച്ചുനിന്നുപോയി. വാഹനം നിറുത്തിയ ഉടനെ ചാടിയിറങ്ങിയ യുവതി ഒറ്റവാക്കിൽ നന്ദിപറഞ്ഞ് പരീക്ഷാഹാളിലേക്ക് ഓടിക്കയറിയതതും മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. സമയബന്ധിതമായി ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ ആ പെൺകുട്ടിക്ക് ജോലി ലഭിക്കട്ടെയെന്നായിരുന്നു പൊലീസുകാരുടേയും ആത്മാർത്ഥമായ പ്രാർത്ഥന.