കോളേജ് വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് ഒരു പ്രമുഖ നടൻ കാറിൽ കയറ്റി കൊണ്ടു പോകാറുണ്ടെന്ന് വെളിപ്പെടുത്തി സാമ്പത്തിക വിദഗ്ധയും അധ്യാപികയുമായ മേരി ജോർജ്. സിനിമയിൽ വേഷം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാറിൽ യുവതികളെ കയറ്റി കൊണ്ടുപോകും. ആ പ്രമുഖ നടന് സർക്കാർ പിന്തുണയും ഉണ്ടായിരുന്നുവെന്നാണ് മേരി ജോർജ് പറയുന്നത്.
1980കളിൽ തിരുവനന്തപുരം വിമൻസ് കോളേജ് കേന്ദ്രീകരിച്ച് നടക്കുന്നുവെന്നാണ് അധ്യാപിക വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും വില കൂടിയ കാറ് വന്ന് കോളേജിന്റെ ഗെയിറ്റിന് പുറത്തു നിൽക്കും ചില പെൺകുട്ടികൾ ആ വണ്ടിയിൽ കയറി പോകുകയും ചെയ്യുമായിരുന്നു.
വിദ്യാർത്ഥികൾ പറഞ്ഞാണ് അധ്യാപകർ ഇക്കാര്യം അറിയുന്നത്. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട അധ്യാപകർ ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പലും ഇക്കാര്യം നിരീക്ഷിച്ച് ഏതൊക്കെ പെൺകുട്ടികളാണ് പോകുന്നതെന്നും ആരാണ് കൊണ്ടുപോകുന്നതുമെന്നുള്ള കാര്യങ്ങൾ മനസിലാക്കി.
എന്നാൽ പ്രിൻസിപ്പലിന് സംഭവത്തിൽ ഇടപെടാനായില്ല. പ്രതികരിക്കാൻ നോക്കിയെങ്കിലും പ്രയോജനമില്ലെന്ന് മനസിലായെന്നും അതുകൊണ്ട് വിഷയത്തിൽ ഇടപെടേണ്ടെന്നുമാണ് അവർ അന്ന് സഹപ്രവർത്തകരെ അറിയിച്ചത്. ഇന്നും അയാൾ സിനിമയുടെ പ്രവർത്തനങ്ങളുമായി സജീവമായി നിൽക്കുന്നുണ്ട് എന്നാണ് മേരി ജോർജ് വ്യക്തമാക്കിയിരിക്കുന്നത്.