നേര്‍ച്ചയ്ക്കിടെ ആന തൂക്കിയെറിഞ്ഞയാള്‍ മരിച്ചു

ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ജാറം മൈതാനിയില്‍ ഇടഞ്ഞത്.

author-image
Prana
New Update
ELEHANT 4

മലപ്പുറം തിരൂര്‍ ബി.പി. അങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ജാറം മൈതാനിയില്‍ ഇടഞ്ഞത്. ചടങ്ങുകള്‍ നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ആനയുടെ തൊട്ടടുത്തുണ്ടായിരുന്നു. ഇടഞ്ഞ ആന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ ചുറ്റി ചുഴറ്റി എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആനയിടഞ്ഞതോടെ ചിതറിയോടി വീണും മറ്റും 28 പേര്‍ക്ക് പരുക്കേറ്റിരുന്നു.
അതേസമയം, സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. തിരൂര്‍ സബ് കലക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞതും ഒട്ടകത്തെ ഇറച്ചിക്കായി കൊണ്ടുവന്നതുമായ സംഭവങ്ങളിലാണ് കോടതി വിശദീകരണം തേടിയത്. പുതിയങ്ങാടിയില്‍ ജനങ്ങളും ആനകളും തമ്മില്‍ എത്ര അകലം പാലിച്ചിരുന്നുവെന്നതടക്കം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

 

Elephant