മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നു പരിശോധിച്ചു; നീതി തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും അത് പലതവണ തുറന്നു പരിശോധിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

author-image
Subi
New Update
murmu

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടി ഉണ്ടായില്ലെന്ന് നടി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ പറയുന്നു. പരാതി നല്‍കിയിട്ടും ഹൈക്കോടതിയും സുപ്രീംകോടതിയും ഈ വിഷയത്തില്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് നീതിതേടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.

 

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും അത് പലതവണ തുറന്നു പരിശോധിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ അടക്കം ഇക്കാര്യം തെളിഞ്ഞിരുന്നു. ആ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സംഭവത്തില്‍ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിരുന്നു. ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തേണ്ടത് കോടതികളായിട്ടും നടപടി ഒന്നും തന്നെ ഉണ്ടായില്ല. തന്റെ ജീവിതത്തിലെ ഏറ്റവും ദൗഭാഗ്യകരമായ സംഭവവുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് തുറന്നതായി തെളിവുണ്ടായിട്ടും സുപ്രീം കോടതിയിൽ നിന്ന് പോലും നടപടി ഉണ്ടായില്ലെന്നും അതിജീവിത പറഞ്ഞു.

 

മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് തന്റെ ജീവിതത്തെയാകെ ബാധിക്കും. അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ നടി ആവശ്യപ്പെടുന്നു.അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് നടിയുടെ അസാധാരണ നീക്കം. നാളെ ആരംഭിക്കുന്ന വാദം ഒരുമാസം കൊണ്ട് പൂര്‍ത്തിയായേക്കും.

 

droupadi murmu