തിരുവനന്തപുരം:ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പോലീസിൽ പരാതി നൽകി സിപിഎം. മംഗലാപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തിരികെ നല്കിയില്ലെന്നാണ് ആരോപണം.ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് പുതിയ മംഗലാപുരം ഏരിയാ കമ്മിറ്റി പരാതി നൽകിയത്.
മംഗലാപുരം ഏരിയ സമ്മേളനത്തിനിടയിൽ ഉണ്ടായ പൊട്ടിത്തെറികളാണ് മധുവും നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണം.ഇതേ തുടർന്ന് മധു പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.സാമ്പത്തിക ആരോപണങ്ങളുടെയും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളെയും തുടർന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നാലെ ആയിരുന്നു പാർട്ടി മാറ്റം.
ഇതിനു പിന്നാലെ ജില്ലയിലെ പല മേഖലകളിൽ നിന്നും ഇത്തരം ആരോപണങ്ങളുമായി പാർട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കു പരാതികൾ എത്തുന്നുണ്ട്. സർവീസ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ തുടങ്ങി പാർട്ടി ഫണ്ട് വിനിയോഗത്തിലെ വീഴ്ചകളെ സംബന്ധിച്ച പരാതികൾ വരെ ഇതിൽ ഉൾപ്പെടുന്നു.അതെസമയം പരാതികളിൽ നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്നും വിമർശനം ഉയരുന്നു.