കൊച്ചി: ഇന്ത്യയിലെ സ്വകാര്യ കേബിള്‍ ടെലിവിഷന്‍ വരിക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഉണ്ടായത് കനത്ത ഇടിവ്. ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ (എഐഡിസിഎഫ്) നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ പേ-ടിവി വരിക്കാരുടെ എണ്ണം, 2018-ലെ 15.1 കോടിയില്‍നിന്ന് 2024-ല്‍ 11.1 കോടി യായി കുറഞ്ഞു.2030-ഓടെ ഇത് 7.1 കോടിയെത്തുമെന്നാണ് അനുമാനം.ചാനലുകളുടെ വരിച്ചെലവ് കൂടിയതും ഒടിടി, കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സൗജന്യ ടെലിവിഷന്‍ സേവനമായ ഡിഡി ഫ്രീ ഡിഷ് എന്നിവയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയുമാണ് ഇതിനുപിന്നില്‍.
പേ-ടിവി സബ്‌സ്‌ക്രിപ്ഷനുകളില്‍ ഉണ്ടായ കുറവ് മേഖലയിലെ തൊഴില്‍ നിരക്കിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2018-നും 2025-നും ഇടയില്‍ 5.7 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്.രാജ്യത്തെ നാല് പ്രധാന ഡിടി എച്ച് സേവനദാതാക്കളുടെയും 10 കേബിള്‍ ടിവി സേവനദാതാക്കളുടെയും വരുമാനത്തില്‍ 16 ശതമാനത്തിലധികം ഇടിവുണ്ടായി. ഇതോടെ ലാഭത്തില്‍ 29 ശതമാനം കുറവുണ്ടായി.2018-19 സാമ്പത്തികവര്‍ഷം ഇവരുടെ ആകെ വരുമാനം 25,700 കോടി രൂപയായിരുന്നു. 2023-24 സാമ്പത്തി കവര്‍ഷം ഇത് 21,500 കോടിയായി കുറഞ്ഞു. ഇതേ കാലയളവിലെ ലാഭം 4,400 കോടിയില്‍നിന്ന് 3,100 കോടിയായി ചുരുങ്ങി.രാജ്യവ്യാപകമായി 28,181 ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ നടത്തിയത്. അതേസമയം, രാജ്യത്ത് കേബിള്‍ ടെലിവിഷന്‍ എത്താത്ത 10 കോടിയിലധികം കുടുംബങ്ങളുണ്ട്. ഇവിടേക്ക് കുറഞ്ഞനിരക്കിലുള്ള പ്ലാനുകള്‍ വഴി സേവനം എത്തിക്കുകയും നിലവിലുള്ള ഡിഡി ഫ്രീ ഡിഷ് ഗുണഭോക്താക്കളെ പേ-ടെലിവിഷനിലേക്ക് എത്തിക്കുന്നതിലൂടെയും പ്രതിസന്ധി തരണം ചെയ്യാനാകുമെന്നാണ് സ്വകാര്യ സേവനദാതാക്കളുടെ കണക്കുകൂട്ടല്‍.