/kalakaumudi/media/media_files/2025/12/16/kunju-2025-12-16-16-44-23.jpg)
നാദാപുരം: തദ്ദേശതിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ യുഡിഎഫിന്റെ ഏറ്റവും പ്രിയ പാരഡി ഗാനമായി മാറിയ പോറ്റിയേ, കേറ്റിയേ സ്വർണ്ണം ചെമ്പായ് മാറ്റിയേ എന്ന പാട്ടിന്റെ വരികൾ എഴുതിയത് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ല.
40 വർഷത്തോളമായി ഖത്തറിൽ വ്യാപാരരംഗത്തുള്ള കുഞ്ഞബ്ദുല്ല ഖത്തറിൽ വച്ചാണ് ഗാനരചന നടത്തിയത്.
നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് ഡാനിഷ് എന്ന ഗായകൻ ഇത് ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു.
നാസർ കൂട്ടിലങ്ങാടിയാണ് ഡബ്‌ചെയ്തത്. പാട്ട് ഹിറ്റായതോടെ സംസ്ഥാനത്തും വിദേശങ്ങളിലുമെല്ലാം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചു.
പി.സി.വിഷ്ണുനാഥ് അടക്കമുള്ളവരും പാട്ടിന്റെ പ്രചാരകരായതോടെ ആരാണ് ഈ പാട്ടിന്റെ പിന്നണിയിലെന്നായി പലരുടെയും അന്വേഷണം.
സ്വാമിയേ, അയ്യപ്പോ എന്ന ഭക്തിഗാനത്തിന്റെ അതേ ഈരടിയിൽ തന്നെ ഈ പാട്ട് കുഞ്ഞബ്ദുല്ല ചിട്ടപ്പെടുത്തുകയായിരുന്നു.
അറുനൂറോളം പാട്ടുകൾ എഴുതിയ കുഞ്ഞബ്ദുല്ല ഖത്തറിനെക്കുറിച്ചും അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെക്കുറിച്ചും ഗാനരചന നടത്തിയിട്ടുണ്ട്.
കഥ, കവിത തുടങ്ങിയവയെല്ലാം എഴുതിയ കുഞ്ഞബ്ദുല്ലയുടെ വർണ ചരിത്രം എന്ന പുസ്തകം ഈയിടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസ് അനുഭാവിയായ കുഞ്ഞബ്ദുല്ല ഗ്രന്ഥകാരനും പ്രഭാഷകനുമായ പരേതനായ ഡോ.ജി.പി.കുഞ്ഞാലിക്കുട്ടിയുടെ മരുമകനാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
