പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പാർട്ടി

ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന ജില്ലാ കമ്മിറ്റിയിൽ ദിവ്യയെ ഉൾപ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തിൽ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പിൽ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

author-image
Anagha Rajeev
New Update
pp-divya

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ‌ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്താനാണ് പാർട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന ജില്ലാ കമ്മിറ്റിയിൽ ദിവ്യയെ ഉൾപ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തിൽ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പിൽ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് നിരന്തരം പാർട്ടി വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പി പി ദിവ്യക്കെതിരെ നടപടിയെടുക്കാനും പാർട്ടി നിർബന്ധിതരാണ്. പാർട്ടി അം​ഗമായ പി പി ​ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കാതെ പാർട്ടി ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇതോടെ പാർട്ടിക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ വൈകുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാകും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമ്മേളന കാലത്തെ ഈ അസാധാരണ നടപടി.

അതേസമയം തൃശൂരിൽ ചേർന്ന യോ​ഗത്തിൽ പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ലെന്നും തിടുക്കത്തിൽ തീരുമാനം വേണ്ടെന്നുമായിരുന്നു തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തിൽ ധാരണയായിരുന്നു.

pp divya