കിറ്റ് വിവാദം; കോവിഡ് കാലത്തെ പിപിഇ കിറ്റിന് കൂടുതല്‍ പണം നല്‍കിയെന്ന് സിഎജി

പിപിഇ കിറ്റ് 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു

author-image
Punnya
New Update
ppe kit

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. പിപിഇ കിറ്റ് 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോര്‍ട്ട് പറയുന്നു. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ഇടപാട് നടന്നത്. 
സര്‍ക്കാര്‍ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്‍കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ സ്ഥിരം വിതരണക്കാരായ 3 പേരുള്‍പ്പെടെ നാല് സ്ഥാപനങ്ങള്‍ തയ്യാറായി നില്‍ക്കെയാണ് ഉയര്‍ന്ന നിരക്കില്‍ ഓര്‍ഡര്‍ നല്‍കിയത് എന്നത് അടക്കം വിവരങ്ങള്‍ സര്‍ക്കാരിനെ നേരത്തെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. അത്യാവശ്യ സാഹചര്യം നേരിടാനുള്ള നടപടി എന്ന് വിശദീകരിച്ചാണ് സര്‍ക്കാരും ഭരണ നേതൃത്വവും പിടിച്ച് നിന്നതും.

വിവാദത്തില്‍ ന്യായീകരണവുമായി കെ.കെ.ശൈലജ 

തിരുവനന്തപുരം: പിപിഇ കിറ്റ് വിവാദത്തില്‍ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച്  മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അന്നത്തെ സാഹചര്യത്തില്‍ പിപിഇ കിറ്റ് ക്ഷാമം നേരിട്ടപ്പോള്‍ അതിനെ എത്രയും പെട്ടെന്ന് മറികടക്കുകയെന്നത് മാത്രമായിരുന്നു പ്രധാന ആവശ്യം. 500 രൂപയുടെ കിറ്റിന് 1500 രൂപ ആയത് മുഖ്യമന്ത്രിയെ അറിയിച്ചത് താനാണ്. ഈ ഘട്ടത്തില്‍ ജീവല്‍സുരക്ഷയായിരുന്നുപ്രധാനം, എന്നാല്‍ വിലയുടെ കാര്യം പരിഗണിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കോവിഡ് സമയത്ത് പിപിഇ കിറ്റിന് വളരെ ക്ഷാമമുണ്ടായിരുന്നു. അതിനാലാണ് ഉയര്‍ന്ന വിലയ്ക്ക് കിറ്റുകള്‍ വാങ്ങിയത്. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയിരുന്നു. അതില്‍ വെറും 15000 കിറ്റുകളുടെ പേരിലാണ് ആരോപണം ഉണ്ടായിരിക്കുന്നതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ മരുന്നുകളും കിറ്റുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് അന്ന് നടന്നത്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നങ്ങളാണ് ഇന്ന് ഉയര്‍ന്നിട്ടുള്ളത്. അടിയന്തര സാഹചര്യം പരിഗണിച്ചെടുത്ത തീരുമാനമാനത്തെ ഇത്രയധികം വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും ഇനി ഇതിനൊക്കെ മറുപടി പറയേണ്ടത് സര്‍ക്കാരാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, സിഎജി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും വിഷയം കൂടുതല്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും ശൈലജ പറഞ്ഞു. 

covid 19 cag report PPE Kit