/kalakaumudi/media/media_files/2025/07/04/ktmdf-2025-07-04-16-30-38.jpg)
കോട്ടയം: മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീണുള്ള ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്നു ഫൊറന്‍സിക്, ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടുകള്‍. ആന്തരികാവയവങ്ങളില്‍ ഉണ്ടായ ക്ഷതം കാരണമാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ഭാരമുള്ള വസ്തുക്കള്‍ പതിച്ചാണ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ക്രീറ്റ് തൂണുകള്‍ വീണ് ബിന്ദുവിന്റെ തലയോട്ടി തകര്‍ന്നിരുന്നതായാണ് ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായ പരുക്കേറ്റിരുന്നു. തലയുടെ മുക്കാല്‍ ശതമാനവും തകര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
ബിന്ദു ശ്വാസം മുട്ടിയാണു മരിച്ചത് എന്ന വാദം തള്ളുന്നതാണ് രണ്ട് റിപ്പോര്‍ട്ടുകളും. രക്ഷാപ്രവര്‍ത്തനം രണ്ടര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചതെന്നും ഇതാണ് ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയത് എന്നുമായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ ബിന്ദുവിനെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു പുറത്തെടുത്ത സമയത്തു ശ്വാസം ഉണ്ടായിരുന്നതായാണു ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നത്.