വയനാട്ടിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയ്ക്കായി ഇന്നും തിരച്ചിൽ തുടരും

നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷനിൽ പടിക്കംവയലിൽ ജോണി തൈപ്പറമ്പിൽ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു.

author-image
Devina
New Update
tiger

കൽപ്പറ്റ: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. ലൈവ് കാമറയടക്കം സ്ഥാപിച്ചാണ് തിരച്ചിൽ നടത്തുന്നത് .

 അതിനിടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ അപകട പശ്ചാത്തലത്തിൽ വയനാട്ടിലെ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാർഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാർഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

അങ്കണവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

 നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയതായി ജില്ലാ കലക്ടർ ഡിആർ മേഘശ്രീ അറിയിച്ചു.

വയനാട് പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ നാട്ടുകാർ കണ്ടത്.

തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് ഉന്നതിയിലെ വിനു തൊട്ടടുത്ത പ്രദേശത്തിലൂടെ കടുവ നടന്നു പോകുന്നത് കണ്ടത്.

ഇയാളാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്.

 നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷനിൽ പടിക്കംവയലിൽ ജോണി തൈപ്പറമ്പിൽ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു.

കമ്പളക്കാട് പൊലീസും വെള്ളമുണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചതിനെ തുടർന്ന് കടുവയുടെ കാൽപ്പാടുകൾ തിരിച്ചറിഞ്ഞു.

കടുവ തൊട്ടടുത്ത തോട്ടത്തിലേക്കാണ് കടന്നുപോയത്. പരിശോധന നടത്തിയെങ്കിലും വൈകീട്ട് വരെ കടുവയെ കണ്ടെത്താനായിട്ടില്ല.

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഊർജിത തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഡ്രോണുപയോഗിച്ച് നടത്തിയ പരിശോധനയിൽ കടുവയുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്.