കടുപ്പിച്ച് തരൂര്‍; രാഹുല്‍ ഗാന്ധിയെ കാണില്ല

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശശി തരൂരിന് കത്തു നല്‍കിയിരുന്നു. ദുബായില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ശശി തരൂര്‍ ഇന്നാണ് ഡല്‍ഹിയില്‍ തിരിച്ചെത്തുക

author-image
Biju
New Update
tharoor2

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അകല്‍ച്ച തുടര്‍ന്ന് ശശി തരൂര്‍ എംപി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേരാന്‍ നിശ്ചയിച്ച പാര്‍ലമെന്ററി നയ രൂപീകരണ യോഗത്തില്‍ തരൂര്‍ പങ്കെടുത്തേക്കില്ല. നാളെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും തരൂര്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശശി തരൂരിന് കത്തു നല്‍കിയിരുന്നു. ദുബായില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ശശി തരൂര്‍ ഇന്നാണ് ഡല്‍ഹിയില്‍ തിരിച്ചെത്തുക. ഒരു പുസ്തകപ്രകാശന ചടങ്ങാണ് നാളെ പങ്കെടുക്കാന്‍ സമ്മതിച്ചിട്ടുള്ള പ്രോഗ്രാം. ഇതിനിടെ തരൂരിനെ ഒപ്പം നിര്‍ത്തുക ലക്ഷ്യമിട്ട് സിപിഎം ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

കൊച്ചിയിലെ മഹാപഞ്ചായത്ത് യോഗത്തിലെ അവഗണനയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അകലാന്‍ ഇടയാക്കിയത്. രാഹുല്‍ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്ത് പരിപാടിയില്‍ വേദിയിലെ ഇരിപ്പിട ക്രമീകരണം, പ്രസംഗം വെട്ടിച്ചുരുക്കിയത് എന്നിവയില്‍ തരൂരിന് കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നിട്ടും തരൂരിന് വേദിയില്‍ ഏറ്റവും അറ്റത്താണ് ഇരിപ്പിടം നല്‍കിയിരുന്നത്.

പാര്‍ട്ടി പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നില്ല ക്രമീകരണമെന്നാണ് തരൂരിന്റെ നിലപാട്. പരിപാടിയില്‍ രാഹുല്‍ ഗാന്ധി മാത്രമേ കൂടുതല്‍ നേരം സംസാരിക്കൂ, മറ്റുള്ളവര്‍ വേഗം പ്രസംഗം അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് തരൂര്‍ പ്രസംഗം ചുരുക്കിയെങ്കിലും, പിന്നീട് മറ്റ് പല നേതാക്കളും ദീര്‍ഘനേരം സംസാരിച്ചു. കൂടാതെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന പല നേതാക്കളുടെയും പേരുകള്‍ എടുത്തു പറഞ്ഞപ്പോള്‍, ശശി തരൂരിനെ പരാമര്‍ശിക്കാതിരുന്നതും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.