/kalakaumudi/media/media_files/2025/07/02/keralasd-2025-07-02-16-07-51.jpg)
തിരുവനന്തപുരം: കഷ്ടകാലത്തിന് കേരളത്തില്‍ പെട്ടുപോയി അതിന് ഇങ്ങനെ കൊല്ലണോ?. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗാവുന്നത് കേരള ടൂറിസത്തിന്റെ പുതിയ പരസ്യമാണ്.സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35. കൂടെ ഫൈവ് സ്റ്റാര്‍ റേറ്റിങും.. കേരള ടൂറിസം വകുപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി വൈറലായിരിക്കുന്നത്.
'കേരളം, നിങ്ങള്‍ ഒരിക്കലും വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത സ്ഥലം'. എന്ന കാപ്ഷനുമായാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്...'കേരളം അതിമനോഹരമായ സ്ഥലമാണ്.എനിക്ക് പോകാനോ തോന്നുന്നില്ല.തീര്‍ച്ചയായും റെക്കമന്റ് ചെയ്യുന്നു'..എന്നാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിന് കീഴില്‍ നിരവധി പേരാണ് രസകരമായ കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്.
'ഇതാണ് വീണിടം വിദ്യയാക്കുന്ന മാര്‍ക്കറ്റിങ് സ്ട്രാറ്റജിയെന്നായിരുന്നു' ഒരു കമന്റ്.'എന്തായാലും ആയി ഇനി ഓണം കൂടി വള്ളം കളിയും കണ്ടിട്ട് പോവാം','നമുക്ക് ഇത് മ്യൂസിയം ആക്കിയാലോ','ഒന്നും നടന്നില്ലെങ്കില്‍ കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ ഒന്ന് കാണിച്ചു നോക്കായിരുന്നു...!' ,'ഇനീപ്പോ അടുത്ത ഓണം കൂടീട്ട് പോവാം'.. എന്നിങ്ങനെ പോകുന്നു കമന്റുകള്‍. നിരവധി പേര്‍ പോസ്റ്റ് ലൈക്കും ഷെയറും ചെയ്തിട്ടുണ്ട്.
ജൂണ്‍ 14നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.100 മില്യണ്‍ ഡോളര്‍ വില വരുന്ന വിമാനം ബ്രിട്ടീഷ് നാവികസേനയുടേതാണ്. ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് ലാന്‍ഡ് ചെയ്യുന്നത് എന്നായിരുന്നു അപ്പോള്‍ പറഞ്ഞിരുന്നത്. ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറാണ് അടിയന്തര ലാന്‍ഡിങ്ങിന് കാരണമെന്ന് പിന്നീട് പറഞ്ഞു.കനത്ത മഴയെ തുടര്‍ന്ന് വിമാനം ഹാങ്ങറിലേക്ക് മാറ്റാമെന്ന ഇന്ത്യയുടെ നിര്‍ദേശം യുകെ തള്ളുകയും ചെയ്തിരുന്നു.
ലോകത്തെ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധവിമാനമാണ് ബ്രിട്ടീഷ് നാവികസേനയുടെ അമേരിക്കന്‍ നിര്‍മിത എഫ് 35. രഹസ്യമായ നിരവധി സാങ്കേതിക സംവിധാനങ്ങള്‍ കാരണം മറ്റു യുദ്ധവിമാനങ്ങളെക്കാള്‍ പോരാട്ടശേഷി കൂടിയവയാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍. അമേരിക്കയുടെ തന്നെ എഫ് 22 റാപ്റ്റര്‍, റഷ്യയുടെ എസ്യു 57, ചൈനയുടെ ഛെങ്ഡു ജെ 20, ഷെന്‍യാങ് ജെ 35, തുര്‍ക്കിയുടെ ടിഎഫ്എക്സ്- ഖാന്‍ എന്നിവയാണ് ഈ ഗണത്തില്‍പ്പെടുന്ന മറ്റു യുദ്ധവിമാനങ്ങള്‍.