കേരളത്തിലെ വയോധികര്‍ക്കിടയില്‍ കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ദ്ധിക്കുന്നതായി കണക്ക്

സമീപകാലത്ത് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ പുറംലോകം അറിയാതെ നടക്കുന്നുണ്ട്. കുടുംബങ്ങളെ തീരാത്ത ആഘാതത്തിലേക്കും അപമാനത്തിലേക്കും ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്കും ഇവ തള്ളിവിടുന്നു

author-image
Biju
New Update
old

തിരുവനന്തപുരം: കേരളത്തിലെ വീടുകള്‍ക്കുള്ളില്‍ വയോധികര്‍ക്കിടയില്‍ കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സമീപകാലത്ത് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ പുറംലോകം അറിയാതെ നടക്കുന്നുണ്ട്. കുടുംബങ്ങളെ തീരാത്ത ആഘാതത്തിലേക്കും അപമാനത്തിലേക്കും ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്കും ഇവ തള്ളിവിടുന്നു. 

ലോകമെമ്പാടും കാണപ്പെടുന്ന 'ഹോമിസൈഡ്-സൂയിസൈഡ്' (കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യ) പ്രവണതകളുമായി ഇതിന് സാമ്യമുണ്ട്. പ്രതികള്‍ മിക്കവാറും 65 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരായിരിക്കും, ഇരകള്‍ പങ്കാളിയോ അടുത്ത ബന്ധുക്കളോ ആയിരിക്കും. കൂടാതെ ഈ സംഭവങ്ങള്‍ നടക്കുന്നത് വീടിനുള്ളിലുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

'ഇവരൊന്നും സ്ഥിരം കുറ്റവാളികളല്ല. കടുത്ത മാനസിക വിഷമത്തില്‍ പെട്ട്, പെട്ടെന്നുണ്ടായ പ്രേരണയാല്‍ പ്രവര്‍ത്തിക്കുന്നവരാണ്. ദീര്‍ഘകാലമായുള്ള ദാമ്പത്യ കലഹങ്ങള്‍, ക്ഷയിച്ചുവരുന്ന മാനസികാരോഗ്യം, കിടപ്പിലായ പങ്കാളികളെ പരിചരിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങളെന്ന്. ഇത്തരം സംഭവങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതിയിലെ അംഗമായ ഡോ. ദിനേഷ് പറയുന്നു. കൂടാതെ  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

കേരളത്തില്‍ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം വേഗത്തില്‍ വര്‍ധിക്കുകയാണ്. ആര്‍.ബി.ഐ റിപ്പോര്‍ട്ട് പ്രകാരം, 2026-ല്‍ ഇത് 18.7% ഉം 2036-ല്‍ 22.8% ഉം ആയി ഉയരും. പ്രതികളിലും ഇരകളിലും പലപ്പോഴും ചികിത്സിക്കപ്പെടാത്ത വിഷാദരോഗം  ഉണ്ടായിരുന്നു. ചിലര്‍ക്ക് മറവിരോഗമോ  നിയന്ത്രണമില്ലാത്ത ദേഷ്യമുണ്ടാക്കുന്ന മറ്റ് അവസ്ഥകളോ ഉണ്ടായിരുന്നു.

കാനഡയിലെ അക്കാദമി ഓഫ് ജെറിയാട്രിക് സൈക്യാട്രി മുന്‍ പ്രസിഡന്റ് ഡോ. ഷബീര്‍ അമാനുള്ളയുടെ അഭിപ്രായത്തില്‍, ഇന്ത്യയില്‍ വയോധികര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മാനസികാരോഗ്യ സേവനങ്ങള്‍ കുറവാണ്. 'കാനഡയെപ്പോലുള്ള രാജ്യങ്ങളില്‍ വയോധികര്‍ക്കായി പ്രത്യേക കമ്മ്യൂണിറ്റി പ്രോഗ്രാമുകളുണ്ട്. ഇന്ത്യയില്‍ ഇത്തരം സംവിധാനങ്ങള്‍ കുറവാണ്. പലപ്പോഴും സൈക്യാട്രിസ്റ്റിനെക്കാള്‍ ഉപരി സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണിത്,' അദ്ദേഹം പറയുന്നു.

ലണ്ടനിലെ എന്‍.എച്ച്.എസ് കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സെന്‍ കല്ലുംപുറം വ്യക്തമാക്കുന്നത്, വിദേശ രാജ്യങ്ങളിലേതിന് സമാനമായ സാമൂഹിക മാറ്റങ്ങള്‍ കേരളത്തിലും സംഭവിക്കുമെന്നും അതിനനുസരിച്ച് നയരൂപീകരണം വേണമെന്നുമാണ്.

കേരളത്തിന്റെ ശക്തമായ തദ്ദേശഭരണ സംവിധാനം (പഞ്ചായത്ത്/മുനിസിപ്പാലിറ്റി) വഴി താഴെ പറയുന്ന ഇടപെടലുകള്‍ നടത്താമെന്ന് ഡോ. ദിനേഷ് നിര്‍ദ്ദേശിക്കുന്നു:

    റിസ്‌ക് അസസ്മെന്റ്: മാനസിക സമ്മര്‍ദ്ദത്തിലായ കുടുംബങ്ങളെ നേരത്തെ കണ്ടെത്തുക.

    ബോധവല്‍ക്കരണം: മാനസികരോഗങ്ങളെക്കുറിച്ചുള്ള സാമൂഹികമായ ഒളിപ്പിച്ചു വെക്കലുകള്‍ അവസാനിപ്പിക്കുക.

    പരിശീലനം: പ്രൊഫഷണലുകള്‍ അല്ലാത്തവര്‍ക്കും 'സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ്' നല്‍കാന്‍ പരിശീലനം നല്‍കുക.

    പിന്തുണ: ദുരന്തം ബാധിച്ച കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല കൗണ്‍സിലിംഗ് ഉറപ്പാക്കുക.

ഇതൊരു സങ്കീര്‍ണ്ണമായ പ്രശ്‌നമായതിനാല്‍, ഒറ്റപ്പെട്ട പരിഹാരങ്ങള്‍ കൊണ്ട് മാറ്റമുണ്ടാക്കാനാവില്ല. കൂട്ടായതും വൈവിധ്യമാര്‍ന്നതുമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ വീടിനുള്ളിലെ ഇത്തരം നിശബ്ദ ദുരന്തങ്ങള്‍ തടയാനാകൂ.