പ്രസ്‌താവന വസ്‌തുതാ വിരുദ്ധം, തെറ്റിദ്ധരിപ്പിക്കുന്നത്'; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ മാർ ആൻഡ്രൂസ് താഴത്ത്

ഭിന്നശേഷി സംവരണ വിഷയത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകൾ സംവരണ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

author-image
Devina
New Update
sivankutti

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നത് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

 മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ തൃശ്ശൂർ അതിരൂപത വിദ്യാഭ്യാസ ജാഗ്രത സമിതി യോഗം ചേർന്ന ശേഷമാണ് പ്രതികരണം. മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ വസ്‌തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സർക്കാരിൻ്റെ എല്ലാ നിർദ്ദേശങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റുകൾ പാലിച്ചു പോരുന്നുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.

 ഈ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ സർക്കാർ ലിസ്റ്റിൽ നിന്ന് നിയമിച്ചു കൊള്ളാമെന്ന് ക്രിസ്ത്യൻ മാനേജ്മെന്റുകൾ സത്യവാങ്മൂലം നൽകിയിട്ടുള്ളതാണ്.

എന്നാൽ വിദ്യാഭ്യാസ മന്ത്രി ഈ വസ്തുതകൾക്ക് വിരുദ്ധമായിട്ടാണ് പ്രസ്താവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

എൻഎസ്എസ് മാനേജ്മെൻറ് മാത്രമാണ് ഭിന്നശേഷി സംബന്ധമായ നിയമങ്ങൾ പാലിക്കുന്നതെന്ന മന്ത്രിയുടെ വ്യാഖ്യാനം സത്യവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 ഈ വിഷയത്തിൽ എൻഎസ്എസിന് ലഭിച്ച സുപ്രീംകോടതി വിധി, സമാനമായ സ്വഭാവമുള്ള മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും ബാധകമാക്കാമെന്ന് വിധിയിൽ തന്നെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

 ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നും ക്രിസ്ത്യൻ മാനേജ്മെൻറ് കൺസോർഷ്യം സമാനമായ വിധി നേടിയിട്ടുണ്ട്.

ഇതെല്ലാം മറച്ചുവെച്ചുള്ള മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് യോഗം വിലയിരുത്തി.