/kalakaumudi/media/media_files/2026/01/16/feni-2026-01-16-09-25-58.jpg)
പത്തനംതിട്ട: തലയും വാലുമില്ലാത്ത ചാറ്റുകള്‍ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിജീവിത. രണ്ട് മാസം മുന്‍പ്, രാഹുലിനെ കാണാന്‍ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചതായി സമൂഹമാധ്യമത്തില്‍ ഫൈന്നി പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ടുകളില്‍ പറഞ്ഞിരുന്നു. പാലക്കാട് എംഎല്‍എ ഓഫിസില്‍ കാണാമെന്ന് പറഞ്ഞെങ്കിലും വ്യക്തിപരമായി സംസാരിക്കാനുണ്ടെന്ന് യുവതി ആവശ്യപ്പെട്ടതായും സ്‌ക്രീന്‍ഷോട്ടുകളിലുണ്ടായിരുന്നു.
രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചതെന്ന് അതിജീവിത പറഞ്ഞു. ശാരീരിക ബന്ധത്തിനുമല്ല സമയം ചോദിച്ചത്. വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്. രാഹുലിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സത്യാവസ്ഥ അറിയാനാണ് നേരില്‍ കാണാന്‍ ഫെന്നിയോട് സമയം ചോദിച്ചത്. തന്റെ ഒപ്പം ഒരു സുഹൃത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അവരുടെ ഒപ്പവും ആളുകളുണ്ടാകുമെന്ന് ഫെന്നി പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനാണ് ശ്രമിച്ചത്.
താന്‍ പാലക്കാട് പോയത് രാഹുല്‍ പറഞ്ഞിട്ടാണ്. പലതവണ വിളിച്ചിട്ടും രാഹുല്‍ ഫോണ്‍ എടുത്തില്ല. കൂടെയുള്ളവരാണ് ഫോണ്‍ എടുത്തത്. പാലക്കാട് എത്തിയപ്പോള്‍ പല സ്ഥലങ്ങളിലും കാത്തുനില്‍ക്കാന്‍ പറഞ്ഞെങ്കിലും രാഹുല്‍ എത്തിയില്ല. വട്ടം കറക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചത്. ചാറ്റിന്റെ ചില ഭാഗങ്ങള്‍ മാത്രം ഫെന്നി പുറത്തുവിട്ടത് അപമാനിക്കാനാണ്. ഇതു കൊണ്ടെന്നും പേടിക്കില്ലെന്നും ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നെങ്കില്‍ പല പെണ്‍കുട്ടികളും രക്ഷപ്പെട്ടേനെയെന്നും അതിജീവിത പറയുന്നു.
അതിജീവിത അന്വേഷണസംഘത്തിന് നല്‍കിയ പരാതിയില്‍ ഫെന്നിയുടെ പേരും ഉണ്ടായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഫണ്ട് സമാഹരണത്തിനുള്ള ലക്കി ഡ്രോയിലേക്ക് ഫെന്നിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നും ഫെന്നിയുമായുള്ള സംഭാഷണങ്ങളില്‍ പലതവണ ഇയാള്‍ രാഹുലിനെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
പീഡനമുണ്ടായതിനു ശേഷവും രാഹുല്‍ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടെന്നും നാട്ടിലെത്തിയ ശേഷം പലതവണ നേരില്‍ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയെ അറിയാമെന്നും രാഹുല്‍ അവരെ പീഡിപ്പിച്ചെന്ന വിവരം അതിശയമായി തോന്നിയെന്നും ഫെന്നി ബുധനാഴ്ച രാത്രി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ രാവിലെ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഫെനി പോസ്റ്റ് ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
