മലപ്പുറം : ലോകത്ത് പലതരം കള്ളന്മാർ ഉണ്ട്. എന്നാൽ ഇത്രയും മാന്യനും അന്തസ്സും ഉള്ള കള്ളനെ ഷാഫി കണ്ടിട്ടുണ്ടാവില്ല. 2 മാസം മുൻപ് ഷാഫിയുടെ സ്കൂട്ടർ മോഷണം പോയിരുന്നു. പൊലീസിനു പരാതി നൽകിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
കാണാതാകുന്നതിനു മുൻപ് വളരെ കുറച്ചു പെട്രോൾ ആണ് സ്കൂട്ടറിൽ ഉണ്ടായിരുന്നുള്ളു. എന്നാൽ തിരികെ കിട്ടിയപ്പോൾ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു നൽകുകയിരുന്നു കള്ളൻ. വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരനായ കെ.പി.ഷാഫിയുടെ സ്‌കൂട്ടറാണ് കഴിഞ്ഞ ഡിസംബർ ആദ്യ വാരത്തിൽ മോഷണം പോയത്. ഡിസംബർ അവസാന ആഴ്ചയിൽ ജോലിക്കു വന്ന ഷാഫി സ്‌കൂട്ടർ വടക്കേമണ്ണയിലെ സ്ഥാപനത്തിന്റെ മുൻപിൽ നിർത്തിയിട്ടതായിരുന്നു.
ഇവിടെ നിന്നാണ് മോഷണം പോയത്. സ്ഥാപന ഉടമ മലപ്പുറം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സ്‌കൂട്ടർ കണ്ടെത്താനായിരുന്നില്ല.
ഒതുക്കുങ്ങൽ ഭാഗത്തു കൂടി യുവാവ് സ്‌കൂട്ടർ ഓടിച്ചുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് കാണാതായ സ്‌കൂട്ടർ കടയുടെ മുൻവശത്ത് നിർത്തിയിട്ടതായി കണ്ടത്. സിസിടിവി പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി 10.27ന് മലപ്പുറം ഭാഗത്തുനിന്നു വന്ന യുവാവ് സ്‌കൂട്ടർ കടയുടെ മുൻവശത്തുവച്ചു മടങ്ങിപ്പോകുന്നതായി കണ്ടെത്തി.
കോട്ടയ്ക്കൽ ഭാഗത്തേക്കാണു യുവാവ് തിരിച്ചുപോയത്. ഫുൾ ടാങ്ക് പെട്രോൾ അടിച്ചു തന്ന കള്ളന് നന്ദിയുണ്ടെന്നും ഷാഫി പറഞ്ഞു. എന്നാൽ സ്കൂട്ടർ കൊണ്ട് പോയി എന്തെങ്കിലും നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടോ എന്ന ഭയവും ബാക്കിയുണ്ടെന്ന് ഷാഫി പറയുന്നു.