/kalakaumudi/media/media_files/2025/08/16/4-2025-08-16-20-36-28.jpg)
ന്യൂയോര്‍ക്ക്: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്ന അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എണ്ണ ഉപഭോക്താവായ ഇന്ത്യയെ റഷ്യയ്ക്ക് നഷ്ടപ്പെട്ടെന്നും, ഈ സാഹചര്യത്തില്‍ അധിക തീരുവ ചുമത്തേണ്ടതില്ലെന്നുമാണ് ട്രംപ് സൂചന നല്‍കിയത്. 'ചിലപ്പോള്‍ എനിക്കത് ചെയ്യേണ്ടി വരില്ല' തീരുവ വര്‍ധന സംബന്ധിച്ച് ട്രംപ് പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. ചൈനയും ഇന്ത്യയുമാണ് റഷ്യയില്‍നിന്ന് കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന് ഒരു പ്രധാന എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടതായി ഇന്ത്യയെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു. ' റഷ്യയുടെ 40% എണ്ണ വാങ്ങിയിരുന്നത് ഇന്ത്യയാണ്. ചൈനയും വലിയ തോതില്‍ എണ്ണ വാങ്ങുന്നുണ്ട്. ഞാന്‍ തീരുവ വര്‍ധിപ്പിക്കുന്നത് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാല്‍ ചെയ്യും. ചിലപ്പോള്‍ എനിക്കത് ചെയ്യേണ്ടിവരില്ല'ട്രംപ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് കനത്ത തീരുവ ഏര്‍പ്പെടുത്താന്‍ യുഎസ് തീരുമാനിച്ചത്. 25 ശതമാനമാണ് ആദ്യം ഏര്‍പ്പെടുത്തിയത്. പിന്നീടിത് 25 ശതമാനംകൂടി കൂട്ടി. ഇതോടെ യുഎസ് ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തിയ രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറി. ആദ്യം പ്രഖ്യാപിച്ച തീരുവ നിലവില്‍വന്നു. രണ്ടാമതു പ്രഖ്യാപിച്ച തീരുവ ഓഗസ്റ്റ് 27നാണ് നിലവില്‍ വരുക.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25% അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരം ആണെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.