/kalakaumudi/media/media_files/2025/10/11/vajivahana-2025-10-11-15-48-37.jpg)
ബി.വി. അരുൺ കുമാർ
തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിൽ സ്ഥാപിച്ചിരുന്ന 47 വർഷം പഴക്കമുള്ള വാജി വാഹനവും കടത്തിക്കൊണ്ടു പോയി വിറ്റു.
ഒടുവിൽ പിടിവീഴുമെന്നായപ്പോൾ, തിരിച്ചെത്തിക്കാൻ തിടുക്കത്തിലുള്ള നിഗൂഢ നീക്കങ്ങൾ. ശബരിമലയിൽ ഉന്നത സ്ഥാനീയനായ ആളാണ് ഈ വാജിവാഹനം കടത്തിയത്.
2017ൽ പുതിയ കൊടിമരം സ്ഥാപിച്ചപ്പോഴായിരുന്നു സംഭവം. അന്നു നടന്ന ദേവപ്രശ്നത്തിൽ കൊടിമരത്തിന് കേടുപാടുണ്ടെന്നും അതു മാറ്റണമെന്നും തെളിഞ്ഞിരുന്നു.
അങ്ങനെയാണ് അതു മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാൻ തീരുമാനിച്ചത്. ഹൈക്കോടതി നിയോഗിച്ച അഡ്വ.കമ്മീഷൻ എ.എസ്.പി കുറുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു നിർമാണം.
പഴയ കൊടിമരം ഇളക്കിയ സമയത്ത് അതിലുണ്ടായിരുന്ന വാജി വാഹനം ഹൈക്കോടതി അന്നത്തെ ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെ ഏൽപ്പിച്ചു. ഈ സമയം വാജിവാഹനം തനിക്ക് അവകാശപ്പെട്ടതാണെന്നും അതു വേണമെന്നും ഉന്നത സ്ഥാനീയൻ നിർബന്ധം പിടിച്ചു.
ഒടുവിൽ പ്രസിഡന്റ് വാജിവാഹനത്തെ ഉന്നത സ്ഥാനീയനു നൽകാൻ നിർബന്ധിതനായി. വെള്ളിയിൽ നിർമിച്ച വാജിവാഹനം സ്വർണവും പൂശിയാണ് കൊടിമരത്തിൽ സ്ഥാപിച്ചിരുന്നത്.
മാത്രമല്ല അതിനകത്ത് ഇറിഡിയം എന്ന കൺമതി വിലയുള്ള അമൂല്യ ലോഹവും ഉണ്ടായിരുന്നുവത്രെ.
ഉന്നതന് ഇതെല്ലാം നന്നായി അറിയുമായിരുന്നു. അഞ്ചുകിലോയിലേറെ തൂക്കമുണ്ട് വാജി വാഹനത്തിന്.
ഉന്നതന്റെ പിടിവാശിയെ തുടർന്നാണ് പ്രസിഡന്റ് അതയാൾക്കു നൽകിയത്. ബാക്കിയുള്ളവയെല്ലാം ആറൻമുളയിലെ ടിഡിബി സ്‌ട്രോങ്ങ് റൂമിലേക്കു മാറ്റുകയും അവയൊക്കെ മഹസറിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കൈക്കലാക്കിയ വാജിവാഹനത്തെ കർണാടകയിലെ ഒരു കോടീശ്വരനാണ് ഉന്നത സ്ഥാനീയൻ വിറ്റത്. കോടികൾ വാങ്ങിയ ശേഷമാണ് ഇതു വിറ്റതെന്നാണ് സൂചന.
പഴയ കൊടിമരം മാറ്റി പുതിയതു നിർമിച്ചപ്പോൾ വാജിവാഹനവും പുതുതായി പണിയുകയായിരുന്നു. 2017ലാണ് പുതിയ വാജിവാഹനം പണിഞ്ഞെടുത്തത്.
ഈ സമയത്തു തന്നെ ശബരിമല ശ്രീകോവിലിന് മേലെ സ്ഥിതി ചെയ്തിരുന്ന മൂന്നു താഴികക്കുടങ്ങൾ പൊടുന്നനെ ഒരു ദിനം നേരം പുലർന്നപ്പോൾ അപ്രത്യക്ഷമായി.
അന്നിത് വിവാദമായെങ്കിലും കൊടിമരത്തിനൊപ്പം താഴികക്കുടങ്ങളും അറ്റകുറ്റപ്പണിക്കായി പമ്പയിലേക്ക് കൊണ്ടുപോയെന്നായിരുന്നു ബോർഡ് ഉദ്യോഗസ്ഥർ ഇതിനെ ന്യായീകരിച്ചത്.
എന്നാൽ കൊടിമരം പുതിയതു സ്ഥാപിച്ചെങ്കിലും താഴികക്കുടങ്ങൾ തിരികെയെത്തിയില്ല.
ഇറിഡിയം ലോഹം ഉള്ള താഴികക്കുടങ്ങളാണ് കാണാതായത്. കോടിക്കണക്കിന് രൂപ വിലവരുന്ന ഇറിഡിയമായിരുന്നു മൂന്നു താഴികക്കുടങ്ങളിലും ഉണ്ടായിരുന്നത്. ഇതാകെ വിദേശത്തേക്കു കടത്തിയെന്നാണ് സൂചന.
ഇതിനിടെ ശബരിമലയിലെ സ്വർണപ്പാളി വിവാദം കത്തിപ്പടർന്നതോടെ വാജിവാഹനം കടത്തിയ ഉന്നത സ്ഥാനീയൻ വല്ലാതെ ഭയന്നു.
കാരണം, ദേവസ്വം മഹസറിൽ രേഖപ്പെടുത്താതെയാണ് വാജിവാഹനം ഉന്നത സ്ഥാനീയൻ കൈക്കലാക്കിയത്.
ഇത്തരത്തിലുള്ള സാധനങ്ങൾ ദേവസ്വം ബോർഡിൽ നിന്ന് രസീത് ഇല്ലാതെ കൈപ്പറ്റാൻ പാടില്ല. ഇതൊന്നും ഉണ്ടായിട്ടുമില്ല. സംഭവത്തിൽ സംശയം തോന്നിയ ചിലർ ഈ ഉന്നത സ്ഥാനീയനോട് കാര്യങ്ങൾ തിരക്കി.
ആദ്യമൊക്കെ ഇയാൾ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.
എന്നാൽ രസീത് പോലും വാങ്ങാതെ വാജിവാഹനം കൊണ്ടുപോയിട്ടുണ്ടെങ്കിൽ അത് മോഷണത്തിനു തുല്യമാണെന്നും നടപടി നേരിടേണ്ടി വരുമെന്നും വിവിധ കോണുകളിൽ നിന്നും അറിയിപ്പു ലഭിച്ചതോടെ കർണാടകയിലെ കോടീശ്വരനോട് അത് തിരികെ എത്തിക്കാൻ ആവശ്യപ്പെടുകയും കുറച്ചു കഴിഞ്ഞ് അത് നൽകാമെന്ന് അറിയിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ആ കോടീശ്വരൻ ഉന്നത സ്ഥാനീയന് ആ വാജിവാഹനം തിരിച്ചു നൽകിയിട്ടുണ്ട്.
ഈ ഉന്നത സ്ഥാനീയൻ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഇരുന്നപ്പോഴും ഒരു വിവാദ പുരുഷനായിരുന്നു.
യാതൊരു പ്രശ്നവും ഇല്ലാതിരുന്ന ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുണ്ടെന്നും അത് പൊളിച്ചു പണിയണമെന്നുമായിരുന്നു ഈ ഉന്നത സ്ഥാനീയന്റെ ആവശ്യം.
എന്നാൽ ഇതിനെതിരെ നാട്ടുകാർ സംഘടിച്ചതോടെ ഉന്നത സ്ഥാനീയൻ തൽക്കാലം ആ നീക്കം മാറ്റി വെച്ച് തക്ക സമയത്തിന് കാത്തിരിപ്പാണിപ്പോൾ.