വാഹനം തടഞ്ഞ് ആക്രമിച്ചു; ഗുരുതരപരുക്കുമായി യുവാക്കള്‍ ആശുപത്രിയില്‍

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കൂറ്റനാടിനു സമീപം കറുകപുത്തൂര്‍ പെരിങ്ങോട് പാതയില്‍ പൊരുത പെട്രോള്‍ പമ്പിന് സമീപമാണ് ആക്രമണമുണ്ടായത്.

author-image
Prana
New Update
kerala police kozhikode

ഇരുചക്ര വാഹനത്തില്‍ യാത്രചെയ്തിരുന്ന യുവാക്കളെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കൂറ്റനാടിനു സമീപം കറുകപുത്തൂര്‍ പെരിങ്ങോട് പാതയില്‍ പൊരുത പെട്രോള്‍ പമ്പിന് സമീപമാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ മതുപ്പുള്ളി സ്വദേശിയായ താനിയില്‍ രഞ്ജിത് (26), മതുപ്പുള്ളി വടക്കേകര സ്വദേശിയായ ഇ.പി. രഞ്ജിത് (30) എന്നിവരെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് യുവാക്കള്‍ പറയുന്നതിങ്ങനെ; ഇവര്‍ യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനത്തെ ഒരു കാര്‍ പിന്തുടരുന്നുണ്ടായിരുന്നു. പെട്രോള്‍ പമ്പിന് സമീപമുള്ള റോഡിനടുത്ത് എത്തിപ്പോള്‍ കാര്‍ ഇരുചക്രവാഹനത്തിന് കുറുകെ പെട്ടെന്ന് വെട്ടിച്ചുനിര്‍ത്തി. പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ രണ്ടുയുവാക്കളും വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ആയുധങ്ങള്‍ ഉപയോഗിച്ച്  മാരകമായി ആക്രമിച്ചു.
ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നതായും അക്രമികളെ കണ്ടാല്‍ തിരിച്ചറിയാനാവുമെന്നും യുവാക്കളുടെ മൊഴിയിലുണ്ട്. കഴിഞ്ഞവര്‍ഷം നവംബര്‍ മാസത്തില്‍ തിരുമിറ്റക്കോട് പഞ്ചായത്ത് കേരളോത്സവം, കായിക മേളയുടെ ഭാഗമായി നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

Attack road