വിഫ വീണ്ടുമെത്തുന്നു; കേരളത്തില്‍ വന്‍ ജാഗ്രത

കഴിഞ്ഞ ശക്തമായ മഴ ദിവസങ്ങളെ അപേക്ഷിച്ചു ഇത്തവണ യഥാര്‍ഥ പടിഞ്ഞാറന്‍ കാറ്റായി വീശാന്‍ സാധ്യതയുണ്ട് (ഈ സീസണില്‍ ഭൂരിഭാഗം ദിവസങ്ങളിലും കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ആയിരുന്നു). ന്യൂനമര്‍ദം ശക്തികൂടി തീരത്തോട് അടുക്കുന്നതിനു അനുസരിച്ച് കേരള തീരത്തും കാറ്റ് ശക്തിപ്പെട്ടാല്‍ മലയോര മേഖലയില്‍ ഇത്തവണ കൂടുതല്‍ ജാഗ്രത വേണ്ടി വരും

author-image
Biju
New Update
vifa

തിരുവനന്തപുരം: പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇത് ന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിച്ചുവരുകയാണ്. അടുത്ത 2 ദിവസത്തിനുള്ളില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതോടെ കേരളത്തിലും തിങ്കളാഴ്ച വരെ വീണ്ടും മഴ/ കാറ്റ് ശക്തി പ്രാപിച്ചേക്കും.

കഴിഞ്ഞ ശക്തമായ മഴ ദിവസങ്ങളെ അപേക്ഷിച്ചു ഇത്തവണ യഥാര്‍ഥ പടിഞ്ഞാറന്‍ കാറ്റായി വീശാന്‍ സാധ്യതയുണ്ട് (ഈ സീസണില്‍ ഭൂരിഭാഗം ദിവസങ്ങളിലും കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ആയിരുന്നു). ന്യൂനമര്‍ദം ശക്തികൂടി തീരത്തോട് അടുക്കുന്നതിനു അനുസരിച്ച് കേരള തീരത്തും കാറ്റ് ശക്തിപ്പെട്ടാല്‍ മലയോര മേഖലയില്‍ ഇത്തവണ കൂടുതല്‍ ജാഗ്രത വേണ്ടി വരും. പ്രത്യേകിച്ച് ശനി ഞായര്‍ ദിവസങ്ങളില്‍. പ്രതീക്ഷിച്ചത് പോലെ സംഭവിച്ചാല്‍ മഴയോടൊപ്പം ഇത്തവണ കാറ്റും വില്ലനാകുമെന്ന് രാജീവന്‍ എരിക്കുളം പറയുന്നു. തുടക്കത്തില്‍ മധ്യ തെക്കന്‍ കേരളത്തിലും തുടര്‍ന്ന് വടക്കന്‍ ജില്ലകളിലും  മഴ / കാറ്റ് ശക്തമായേക്കും.

ന്യൂനമര്‍ദം രൂപപ്പെടുന്നതിനു മുന്‍പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ന്യൂനമര്‍ദവും ഒരര്‍ഥത്തില്‍ കാറ്റിന്റെ കറക്കം തന്നെ. കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മര്‍ദവ്യതിയാനം കാരണം ചാക്രിക രീതിയില്‍ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. ചക്രവാതച്ചുഴി ശക്തിപ്പെട്ടാല്‍ ന്യൂനമര്‍ദമാകും. എന്നാല്‍ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമര്‍ദമാകണമെന്നില്ല. ചക്രവാതച്ചുഴി ന്യൂനമര്‍ദമാകുകയും അത് പിന്നീട് ഡിപ്രഷന്‍ അഥവാ തീവ്രന്യൂന മര്‍ദമാകുകയും പിന്നാലെ ഡീപ് ഡിപ്രഷന്‍ അഥവാ അതിതീവ്ര ന്യൂനമര്‍ദമാകുകയും ചെയ്താല്‍ മാത്രമേ ചുഴലിക്കാറ്റിലേക്കുള്ള വഴിതുറക്കുകയുള്ളൂ.

kerala weather