/kalakaumudi/media/media_files/2026/02/26/jala-2026-02-26-14-48-33.jpg)
തിരുവിതാംകൂർ രാജഭരണകാലത്ത് ചരക്കുനീക്കത്തിനും ഗതാഗതത്തിനുമായിട്ടാണ് ജലപാത നിർമ്മിച്ചത്.
തിരുവനന്തപുരത്തെ വള്ളക്കടവുമുതൽ വർക്കലക്കുന്നുവരെ പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്കു തോടുകൾവെട്ടി ബന്ധപ്പെടുത്തി 1824 ലാണ് പാർവതീപുത്തനാർ എന്ന ജലപാത നിർമ്മിച്ചത്.
തിരുവിതാംകൂറിലെ അന്നത്തെ റീജന്റായിരുന്ന ഗൗരി പാർവതിഭായിയുടെ പേരും പുതിയതായി നിർമ്മച്ചതുകൊണ്ട് പുത്തനാർ എന്നും ചേർത്താണ് പാർവതിപുത്തനാർ എന്നുവിളിച്ചത്.
വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ജലപാതയുടെ നിർമ്മാണം ആരംഭിച്ചത്. ജലപാതയുടെ തുടർനിർമ്മാണത്തിൽ വർക്കലക്കുന്ന് കടക്കുകയെന്നത് വലിയ കടമ്പയായിരുന്നു.
തിരുവനന്തപുരത്തുനിന്നു വള്ളങ്ങളിൽ വർക്കലക്കുന്നുവരെ വരുന്നവർ ശേഷം കാൽനടയായും മറ്റുമാണ് ആലപ്പുഴ ഭാഗത്തേക്കു പോയിരുന്നത്. ഇതു പരിഹരിക്കാനായി തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമ്മയുടെ കാലത്ത് 1876 ൽ ശിവഗിരിയിലും ചിലക്കൂരിലും രണ്ട് തുരങ്കങ്ങൾ നിർമ്മിച്ചു.
ഇതാണ് വർക്കല തുരപ്പ് എന്നറിയപ്പെടുന്നത്. 722 മീറ്ററാണ് ശിവഗിരി തുരപ്പിന്റെ നീളം. ചിലക്കൂർ തുരപ്പിന്റേത് 340 മീറ്ററും. വർക്കല തുരപ്പിന്റെ നിർമ്മാണശേഷം ജലപാതയിലൂടെയുള്ള ഗതാഗതവും ചരക്കുനീക്കവും സുഗമമായി നടന്നു.
പിന്നീട് റോഡ്, തീവണ്ടി മാർഗ്ഗമുള്ള ഗതാഗതത്തിനു പ്രാധാന്യം വന്നതോടെ ജലപാതയുടെ ഉപയോഗം കുറയുകയും വർക്കല തുരപ്പടക്കമുള്ള ഇടങ്ങൾ യാത്രായോഗ്യമല്ലാതാകുകയും ചെയ്തു.
1960 വരെ തുരപ്പ് ഉപയോഗത്തിലിരുന്നു. പിന്നീട് വെള്ളവും ചെളിയും കാട്ടുചെടികളും നിറഞ്ഞ് ഉപയോഗശൂന്യമായി. 2006-07 കാലത്ത് തുരപ്പ് ശുചീകരിച്ച് ജലനിരപ്പ് ക്രമീകരിച്ച് ചെറിയ വള്ളങ്ങൾക്കു കടന്നുപോകാൻ പാകത്തിൽ താത്ക്കാലികമായി ഒരുക്കി.
സർക്കാർ തലത്തിൽ കനാൽ നവീകരണ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്ന വേളയായിരുന്നു അത്. പദ്ധതിയുടെ ആലോചനാവേളയിൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ശിവഗിരി തുരപ്പുവഴി ബോട്ടിൽ സഞ്ചരിച്ചു.
തുടർന്ന് ഇതു നവീകരിച്ച് ഗതാഗതയോഗ്യമാക്കാമെന്ന ആശയം ചർച്ചയിൽ വന്നു. 2018 ൽ സംസ്ഥാന സർക്കാർ പശ്ചിമതീര കനാൽ പദ്ധതി ആരംഭിക്കുകയും തകർന്ന കനാലുകൾ നവീകരിക്കുകയും ചെയ്തു.
2021 -22 ൽ കോവളം മുതൽ ബേക്കൽവരെയുള്ള കനാലിന്റെ മാസ്റ്റർപ്‌ളാൻ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്കു രൂപം നൽകി. പുനർഗേഹം പദ്ധതിപ്രകാരം ഭൂമി ഏറ്റെടുക്കൽ കനാൽ നവീകരണം പുനരുദ്ധാരണം എന്നിവക്കായി കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
