മുക്കം പീഡനശ്രമക്കേസിൽ പ്രതി ദേവദാസ് നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നതായി യുവതി. വീടിന്റെ വാതിൽ തള്ളി തുറന്നാണ് പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. പീഡന ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ യുവതി ആശുപത്രി വിട്ടു.'ഹോട്ടലുടമ ദേവദാസും ജീവനക്കാരായ രണ്ട് പേരും രാത്രിയിൽ വീടിൻറെ വാതിൽ തള്ളി തുറന്ന് ഉപദ്രവിക്കുകയായിരുന്നു. ജീവരക്ഷാർഥമാണ് മുകളിൽ നിന്നും താഴോട്ട് ചാടിയത്. ഉപദ്രവിക്കണമെന്ന് കരുതി തന്നെയാണ് മൂന്ന് പേരുമെത്തിയത്. പലതവണ മോശം പെരുമാറ്റമുണ്ടായി. രാജിവെക്കുമെന്ന് അറിയിച്ചപ്പോൾ ദേവദാസ് കാല് പിടിച്ച് മാപ്പ് പറഞ്ഞിരുന്നെന്നും' യുവതി പറഞ്ഞു. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻറിൽ കഴിയുന്ന ദേവദാസ്, ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും.