വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെയും, പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

സാമൂഹ്യവിരുദ്ധ ശക്തികളെ തിരിച്ചറിയുന്നതിനും, ലഹരിമാഫിയയെ ഇല്ലായ്മ ചെയ്യുന്നതിനും, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും പോലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മ ഏറെ ഉപകാരപ്രദമാണെന്ന് ഇതിനകം തന്നെ സമൂഹത്തിനാകെ  ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

author-image
Shibu koottumvaathukkal
New Update
image_search_1755012084850

കണ്ണൂർ :  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൊലീസ് മന്ദിരങ്ങളുടെയും അനുബന്ധ പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  

കേരള പോലീസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒരു ചടങ്ങാണ്  ഇന്നിവിടെ നടക്കുന്നത്. പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍ക്കൂട്ടാവുകയാണ്  ഈ പദ്ധതികളെല്ലാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പദ്ധതികളുടെ ഉദ്ഘാടനവും 7 പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് ഒറ്റ വേദിയില്‍ നടക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന 3 പദ്ധതികള്‍ക്കു പുറമെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വാഗമണ്‍, തങ്കമണി, മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍, ഇടുക്കി കണ്‍ട്രോള്‍ റൂം, എറണാകുളം ക്രൈംബ്രാഞ്ച് കോംപ്ലക്‌സ്, ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസ്, ഒറ്റപ്പാലം, ചിറ്റൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍, ഫോര്‍ട്ട് കൊച്ചിയില്‍ കോസ്റ്റല്‍ പോലീസിനുവേണ്ടി നിര്‍മ്മിച്ച ബോട്ടുജെട്ടി തുടങ്ങിയവയാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 23.27 കോടി രൂപ ചെലവിലാണ് ഇവ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ഇതിനുപുറമെ കൊച്ചി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലെ പോലീസ് ക്വാട്ടേഴ്‌സുള്‍, കൊപ്പം, ചങ്ങനാശ്ശേരി, മയ്യില്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കുന്നുണ്ട്. 

കണ്ണൂരില്‍ 10.17 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 3 പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് കം ഫുട്‌ബോള്‍ കോര്‍ട്ട്, ഇന്‍ഡോര്‍  കോര്‍ട്ട്, ജില്ലാ പോലീസ് ആസ്ഥാനത്ത് നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ കം ഹാള്‍ എന്നിവയാണവ. 

പോലീസ് പരേഡ് ഗ്രൗണ്ടില്‍ തയ്യാറാക്കിയിട്ടുള്ള സിന്തറ്റിക് കം ഫുട്‌ബോള്‍ കോര്‍ട്ടാണ് പ്രധാനപ്പെട്ട പദ്ധതി. കണ്ണൂരിലെ ഒട്ടുമിക്ക കായിക മത്സരങ്ങളും നടന്നുവരുന്നത് ഇവിടെയാണ്. വര്‍ഷങ്ങളായി കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അത്ലറ്റിക്സ് താരങ്ങളും ഫുട്ബോള്‍ താരങ്ങളും പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. സ്‌കൂള്‍, കോളജ് കായികമത്സരങ്ങള്‍, കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ തുടങ്ങിയവയും ഇവിടെ നടക്കാറുണ്ട്. അവിടെയാണ് ലോകോത്തര നിലവാരമുള്ള സിന്തറ്റിക്ക് ട്രാക്കും പുല്‍ത്തകിടിയും യാഥാര്‍ത്ഥ്യമായിട്ടുള്ളത്.7.56 കോടി രൂപ ചെലവിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 

1.42 കോടി രൂപ ചെലവില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ടും സജ്ജമാക്കിയിട്ടുണ്ട്. എല്ലാത്തരം ഇന്‍ഡോര്‍ കായിക വിനോദങ്ങള്‍ക്കും സഹായകരമാകും വിധമുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍, യുവാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി ഒരുക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ മികച്ച നിലയില്‍ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

1.19 കോടി രൂപ ചെലവില്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നിര്‍മ്മിച്ചിട്ടുള്ള ഹാള്‍ പോലീസിന്റെ വിവിധ പരിശീലന പരിപാടികള്‍ക്കും മീറ്റിംഗുകള്‍ക്കും ഉപകാരപ്രദമായ നിലയിലാണ് സജ്ജമാക്കിയിട്ടുള്ളത്.

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കുമിത് ബോധ്യപ്പെടും. പോലീസ് സ്റ്റേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ പഴയ സങ്കല്‍പ്പം അപ്പാടെ മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ സംവിധാനമുണ്ട്, നിങ്ങളെ സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുണ്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപയോഗപ്രദമാകുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ് പുതുതായി നിര്‍മ്മിക്കുന്ന എല്ലാ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകള്‍ കേരളത്തിന്റ മാത്രം പ്രത്യേകതയാണ്. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഏറെ മുന്നിലാണ് കേരളാ പോലീസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളള ഊര്‍ജ്ജസ്വലരായ യുവജനങ്ങൾ ഇന്ന് ധാരാളം  നമ്മുടെ സേനയിലേക്ക് കടന്നുവരുന്നുണ്ട്. ഇതൊക്കെ പോലീസിന്റെ കാര്യക്ഷമത വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. സാങ്കേതികമേഖലയില്‍ കഴിവും യോഗ്യതയുമുള്ളവര്‍ സേനയുടെ ഭാഗമായതോടെ പുതുതലമുറ തട്ടിപ്പുകള്‍ പോലും ഫലപ്രദമായി തടയാന്‍ നമുക്കു സാധിക്കുന്നുണ്ട്. ഇത്തരം വിഭവശേഷി ഉപയോഗിച്ചുകൊണ്ട് പോലീസ്‌സേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പ്രതിജ്ഞാബദ്ധമായ സമീപനങ്ങളാണ് സംസ്ഥാന  സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. 

കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം ലഭ്യമായിരിക്കുന്നു എന്നതാണ് ഈ കാലയളവിൻ്റെ പ്രത്യേകത.  കര്‍ത്തവ്യബോധത്തില്‍ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവര്‍ത്തിക്കുന്നതിന് കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തില്‍ ഒരുവിധമായ ബാഹ്യ ഇടപെടലുകളും  ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് യാതൊരുവിധമായ തടസ്സമോ സമ്മര്‍ദ്ദമോ ഇല്ല. 

സാമൂഹ്യവിരുദ്ധ ശക്തികളെ തിരിച്ചറിയുന്നതിനും, ലഹരിമാഫിയയെ ഇല്ലായ്മ ചെയ്യുന്നതിനും, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും പോലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മ ഏറെ ഉപകാരപ്രദമാണെന്ന് ഇതിനകം തന്നെ സമൂഹത്തിനാകെ  ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ പോലീസിംഗ് സംവിധാനം ശക്തമായി തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

നമ്മുടെ രാജ്യത്ത പൊതുസ്ഥിതി പരിശോധിച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ ആ അന്തരീക്ഷം കലുഷിതമാക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്നും ഉണ്ടാകുന്നുണ്ട്. ഇതിന് പല തരത്തിലുള്ള നിറങ്ങൾ ഉണ്ട് എന്നും കാണാൻ നമുക്ക് കഴിയും. ഇനിയുള്ള നാളുകളില്‍ ഇതിന്റെ തീവ്രത കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ നിതാന്തമായ ജാഗ്രത പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ജനങ്ങളുടെ സ്വൈരജീവിതത്തിന് വിഘാതമാകുന്ന ഒരു സംഭവവും നമ്മുടെ നാട്ടില്‍ ഉണ്ടാകാന്‍ പാടില്ല. നിയമവിരുദ്ധ പ്രവൃത്തികള്‍ക്കെതിരെ നടപടികളെടുക്കുന്ന കാര്യത്തില്‍ ആരുടെയും അനുവാദത്തിന് പോലീസ് കാത്തുനില്‍ക്കേണ്ടതുമില്ല. ഇത്തരമൊരു കാഴ്ചപ്പാടോടെ കര്‍മ്മോന്മുഖരായി പ്രവര്‍ത്തിക്കാന്‍ പോലീസിന്  സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

kerala police kannur DGP CM Pinarayi viajan