ലഹരി വിരുദ്ധ കർമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ലഹരിക്കെതിരായി നടപ്പാക്കാനുദ്ദേശിക്കുന്ന കർമ്മ പദ്ധതിക്കാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തുടക്കം കുറിക്കുന്നത് കുട്ടികളാകണം ലഹരിക്കെതിരെയുള്ള മുന്നണിപ്പോരാളികളായി മാറേണ്ടത്.

author-image
Shibu koottumvaathukkal
New Update
image_search_1750995270936

തിരുവനന്തപുരം :പൊതുവിഭ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കർമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിവേകം, സൗഹൃദം, അറിവ് എന്നിവ നശിപ്പിക്കുന്ന മാരക വിപത്താണ് ലഹരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവേകത്തോടെ പഠിക്കുന്നതിനും സൗഹൃദങ്ങൾ നിലനിർത്തുന്നതിനുമായാണ് വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് എത്തുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളെയാകെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയുന്ന മഹാവിപത്താണ് ലഹരി.

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ലഹരിക്കെതിരായി നടപ്പാക്കാനുദ്ദേശിക്കുന്ന കർമ്മ പദ്ധതിക്കാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തുടക്കം കുറിക്കുന്നത് കുട്ടികളാകണം ലഹരിക്കെതിരെയുള്ള മുന്നണിപ്പോരാളികളായി മാറേണ്ടത്. കുട്ടികളെ ഇരുട്ടിന്റെ പാതയിലേക്ക് തള്ളി ഇടാനുള്ള ശക്തികൾ തക്കം പാർത്തിരിക്കുന്ന സമയമാണിത്. ലഹരി അടക്കമുള്ള ആപത്തുകളുമായി വിദ്യാർത്ഥികളിലേക്ക് വിവിധ വേഷത്തിൽ രൂപത്തിൽ ഭാവത്തിൽ അവർ എത്തിച്ചേരാൻ ശ്രമിക്കും.ഇത്തരം കാര്യങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് പൊതു സമൂഹത്തിന്റെയാകെ ആവശ്യമാണ്.

വിദ്യാർത്ഥികളുടെ ശ്രദ്ധയിലില്ലാത്ത നിരവധി ക്രമീകരണങ്ങൾ ലഹരിക്കെതിരായി സംസ്ഥാന സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പങ്കു വെക്കുന്നതിനു കൂടി വേണ്ടിയാണ് കർമ്മ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. വിദ്യാലയങ്ങളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വ്യാപന പ്രവർത്തനങ്ങൾക്ക് ശക്തമായ പ്രതിരോധം തീർക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്‌സൈസ് വകുപ്പ് നൽകുന്ന നമ്പറിൽ വിവരം അറിയിക്കാം. കൗൺസിലിങ് അടക്കമുള്ള സൗകര്യങ്ങൾ എക്‌സൈസ് വകുപ്പ് ലഭ്യമാക്കുന്നതാണ്. കുട്ടികൾ ലഹരിയുടെ കെണിയിൽ വീഴാതെ നോക്കുന്നതിൽ രക്ഷിതാക്കൾക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആരോഗ്യകരമായി സംവദിക്കുന്നതിനും അവരുടെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.ഇതിന് എല്ലാ രക്ഷിതാക്കളും ഒരേപോലെ പ്രാപ്തരാകണമെന്നില്ല എന്നതിനാൽ രക്ഷിതാക്കൾക്കായി പ്രത്യേക പരിശീലനം നൽകും. ദൂഷ്യവശങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടാകുന്നതിനും മനസ്സിലാക്കുന്നതിനും പാഠ്യപദ്ധതിയിൽ കൗമാര വിദ്യാഭ്യാസത്തിന് സംസ്ഥാന ഗവൺമെൻറ് പ്രത്യേക ഊന്നൽ നൽകുന്നു. ആരോഗ്യകരമായ ജീവിതശൈലി പുലർത്തുന്നതിനായി എസ്.സി.ഇ.ആർ.ടി പ്രത്യേക പുസ്തകവും തയ്യാറാക്കി.

ലഹരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് പ്രഹരി ക്ലബ് രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ 30 മുതൽ 50 വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിട്ടുള്ള ജാഗ്രത ബ്രിഗേഡ് ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരായി കമ്യൂണിറ്റി സംവാദങ്ങൾക്കായി വർജ്യ പാർലമെൻറ് സംഘടിപ്പിക്കുന്നു. ഇവിടെ ലഭിക്കുന്ന പരാതികൾ ആഴ്ചയിലൊരിക്കൽ പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ വർഷത്തെ കർമപദ്ധതി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ആരംഭിച്ച് 2026 ജനുവരി 30 ന് അവസാനിക്കുന്ന വിധമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയിരിക്കുന്നത്. അദ്ധ്യാപകരോടും രക്ഷിതാക്കളോടും വിദ്യാർത്ഥികളോടൊപ്പം പൊതുസമൂഹവും ഈ കർമ്മ പദ്ധതിയിൽ പങ്കാളികളാകണമെന്ന് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ആന്റണി രാജു എം.എൽ.എ, വാർഡ് കൗൺസിലർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

kerala chief minister Anti drug campaign