തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ എം മുകേഷ് എംഎൽഎയോട് രാജിവെക്കാൻ സിപിഐഎം ആവശ്യപ്പെടില്ല. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിലാണ് മുകേഷിന്റെ രാജിയിലെ പാർട്ടി നിലപാട് പ്രഖ്യാപിച്ചത്.
മുകേഷിന്റെ രാജിയിൽ വലിയ പ്രചരണമാണ് നടക്കുന്നത്. പാർട്ടി ഇതേ പറ്റി വിശദമായി പഠിച്ചു. 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവരാരും എംപി സ്ഥാനവും എംഎൽഎ സ്ഥാനമോ രാജി വെച്ചിട്ടില്ല. കേരളത്തിൽ രണ്ട് എംഎൽഎമാർക്ക് കേസുണ്ട്. ഉമ്മൻ ചാണ്ടി മുതലുള്ള ആളുകളുടെ പേരിൽ കേസുണ്ടായിരുന്നു. അവരാരും രാജി വെച്ചിട്ടില്ല. മന്ത്രിമാർ രാജി വെച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇടപെടുന്നത് ഒഴിവാക്കാനാണ് മന്ത്രിമാർ രാജി വെക്കുന്നത്. എംഎൽഎ നിരപരാധിയാണെന്ന് കണ്ടാൽ തിരിച്ചെടുക്കാൻ അവസരമില്ല. സാമാന്യ നീതിയുടെ ലംഘനമാണിത്. കേസ് അന്വേഷണത്തിൽ എംഎൽഎ ആയതുകൊണ്ട് ഒരു പരിഗണനയും നൽകേണ്ടതില്ല എന്നാണ് പാർട്ടിയുടെ നയമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഹേമ കമ്മറ്റിയെ പോലൊരു കമ്മിറ്റി രാജ്യത്ത് ആദ്യമായിട്ടാണ് സിനിമാരംഗത്തിന് വേണ്ടി ഇത്തരം ഒരു കമ്മിറ്റി വരുന്നത്. സർക്കാരിന് ഏറ്റെടുക്കാനുള്ളത് വലിയ ഉത്തരവാദിത്തം. മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു കമ്മിറ്റി വന്നിട്ടില്ല. ഹേമാ കമ്മിറ്റി ജുഡീഷ്യൽ കമ്മീഷണനല്ല. കമ്മിറ്റിയുടെ 24 ശുപാർശകൾ മനസിലാക്കി നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്. സിനിമാ നയം എന്ന ശിപാർശ കണക്കാക്കി പുതിയ കമ്മിറ്റിയെ നിയോഗിച്ചു. കോൺക്ലേവ് എല്ലാവരുമായി ചർച്ച നടത്തി സംഘടിപ്പിക്കും. നിയമനിർമ്മാണം വേണം എന്നാണ് സർക്കാർ കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.