/kalakaumudi/media/media_files/2025/09/15/vigil-2025-09-15-14-11-40.jpg)
കോഴിക്കോട്: കോഴിക്കോട് വിജിൽ നരഹത്യാ കേസിൽ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്.
വിജിലിന് പരിക്കേറ്റിരുന്നില്ലെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. അമിതമായ അളവിൽ ലഹരി ഉപയോഗിച്ചതാണോ മരണകാരണമെന്നറിയാൻ വിജിലിൻറെ അസ്ഥികൾ കൂടുതൽ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. അതേ സമയം കഴിഞ്ഞ ദിവസം തെലങ്കാനയിൽ വെച്ച് അറസ്റ്റിലായ രണ്ടാം പ്രതി രജ്ഞിത്തിനെ കോഴിക്കോട്ടെത്തിച്ചു.
ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിൻറെ മൃതദേഹം സരോവരത്തെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയെന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് കഴിഞ്ഞ ദിവസം അസ്ഥികൾ കണ്ടെടുത്തത്.
എന്നാൽ വിജിലിന് മരണ സമയത്ത് പരിക്കേറ്റിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
മർദനമേറ്റതിൻറെ സൂചനകളൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
മരണ കാരണം സ്ഥിരീകരിക്കാൻ അസ്ഥികൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. ലഹരി ഉപയോഗം തന്നെയാണോ മരണകാരണമെന്നറിയാനാണ് ഈ നീക്കം.
കിട്ടിയിരിക്കുന്ന അസ്ഥിയും വാരിയെല്ലും വിജിലിൻറെതെന്നുറപ്പിക്കാൻ ഡി എൻ എ സാമ്പിളുകൾ പരിശോധനക്കയക്കും.
വിജിലിൻറെ ബന്ധുക്കളുടെ സാമ്പിളുകൾ അടുത്ത ദിവസം ശേഖരിക്കാനാണ് തീരുമാനം.
അതേ സമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി രജ്ഞിത്തിനേയും മറ്റ് രണ്ടു പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും. 2019 മാർച്ച് നാലിനാണ് വെസ്റ്റ് ഹിൽ ചുങ്കം സ്വദേശിയായ വിജിലിനെ കാണാതാകുന്നത്.