തിരുവനന്തപുരം: കണ്ണൂരിൽ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കിയിരുന്നു. ഔദ്യോഗിക പദവിയിൽ ചില വീഴ്ചകൾ വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇനി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കൂടി വന്നശേഷം തുടർനടപടികൾ തീരുമാനിക്കും.
സംഘടനാ സംവിധാനത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലാണ് ബന്ധപ്പെട്ട നടപടി സ്വീകരിക്കുക. ദിവ്യക്കെതിരെ ഇനി നടപടിയുണ്ടാവില്ല എന്ന് സിപിഎം പറയുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. പൊലീസ് പരിശോധനയിൽ ദിവ്യക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ആത്മഹത്യാപ്രേരണാക്കുറ്റം വസ്തുതാപരമാണെന്ന് വ്യക്തമാവുകയും ചെയ്താൽ സംഘടനാനടപടിയിലേക്ക് പോവാം എന്നാണ് പാർട്ടി കരുതുന്നത്.
അതേസമയം, സമ്മേളന കാലയളവിൽ സംഘടനാ നടപടികൾ പാടില്ല എന്നാണ് ചട്ടക്കൂടെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ആ നിയന്ത്രണം മറികടന്ന് പാർട്ടി നടപടിയെടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്.