/kalakaumudi/media/media_files/D3Ds6DTQJh4qTysBR2sZ.jpeg)
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും എംഎൽഎയുമായ എം മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിമുൻകൂർ ജാമ്യം നൽകിയത് പരാതിക്കാരിയുടെ മൊഴിയുടെ വൈരുദ്ധ്യം കണക്കിലെടുത്ത്. മൊഴിയിലെ വൈരുധ്യവും മുകേഷുമായി പരാതിക്കാരി 2009 മുതൽ നടത്തിയ ചാറ്റിലെ വിവരങ്ങളും പരിശോധിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
2009ൽ അമ്മ അംഗത്വത്തിനു വേണ്ടി ഇടവേള ബാബുവിനെ സമീപിച്ചപ്പോൾ കലൂരിലെ അപ്പാർട്ടമെന്റിൽ വച്ച് ബലാത്സംഗത്തിന് ഇരയായെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ 2010 ഡിസംബറിലാണ് അപ്പാർട്ട്‌മെന്റ് വാങ്ങിയതെന്ന രേഖ ഇടവേള ബാബു കോടതിയിൽ ഹാജരാക്കി. 2008 മുതൽ ബാബു ഇവിടെ കഴിയുന്നുണ്ടെന്ന, കെയർടേക്കറുടെ മൊഴി വച്ചാണ് പൊലീസ് ഇതിനെ നേരിട്ടത്. എന്നാൽ ഇപ്പോഴത്തെ കെയർടേക്കർ 2013ൽ നിയമിക്കപ്പെട്ടയാളാണെന്നും മുൻപുണ്ടായിരുന്നയാൾ മരിച്ചുപോയെന്നും കേസ് ഡയറിയിലുണ്ട്. ഇതും കോടതി കണക്കിലെടുത്തു.
തന്റെ കാറിലാണ് ബാബുവിന്റെ അപ്പാർട്ട്‌മെന്റിലേക്കു പോയതെന്നും ഷിഹാബ് എന്നയാളാണ് വണ്ടി ഓടിച്ചിരുന്നതെന്നും പരാതിക്കാരി പറഞ്ഞിരുന്നു. സംഭവിച്ച കാര്യങ്ങൾ ഷിഹാബിനോടു പറഞ്ഞിരുന്നെന്നും അവർ അറിയിച്ചു. എന്നാൽ ഷിബാഹ് ഇക്കാര്യം നിഷേധിച്ചെന്നാണ് കേസ് ഡയറിയിലുള്ളത്. സെക്രട്ടേറിയറ്റിൽ വച്ച് ഷൂട്ടിങ്ങിനിടെ ബാബു ലൈംഗിക താത്പര്യം പ്രകടിപ്പിച്ചെന്നു രഹസ്യമൊഴിയിലുണ്ടെങ്കിലും പൊലീസിനു നൽകിയ ആദ്യ മൊഴിയിൽ ഇത് ഇല്ലാതിരുന്നതും കോടതി കണക്കിലെടുത്തു.
ഇടവേള ബാബു ലൈംഗിക താത്പര്യം പ്രകടിപ്പിച്ചിട്ടും പരാതിക്കാരി ഫ്ലാറ്റിലേക്കു പോയെന്ന്, ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ആദ്യ മൊഴി പ്രകാരം എതിർപ്പൊന്നുമില്ലാതെ ഫ്ലാറ്റിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. 2010ലാണ് ഫ്ലാറ്റിറ്റ് വാങ്ങിയതെന്ന വസ്തുതയും കണക്കിലെടുക്കണമെന്ന് കോടതി പറഞ്ഞു.
ഓഗസ്റ്റ് 28ന് പൊലീസിനു നൽകിയ മൊഴിയിൽ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വിവരമില്ലെന്ന്, മുകേഷിന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ കോടതി പറഞ്ഞു. 30ന് പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് ഈ വിവരം ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലും പരാതിക്കാരി വ്യക്തതയില്ലാതെയാണ് സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുകേഷിന്റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. നടിയുടെ പരാതി വ്യാജമാണെന്നാണ് മുകേഷിന്റെ വാദം. പരാതിയുമായി ഇപ്പോൾ വന്നതിനു പിന്നിൽ മറ്റു പല ലക്ഷ്യങ്ങളുണ്ടെന്നും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമം നടത്തിയെന്നും മുകേഷ് വാദിച്ചിരുന്നു. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് എതിർത്തിരുന്നു.