New Update
/kalakaumudi/media/media_files/2026/02/14/shanthi-2026-02-14-17-07-20.jpg)
തിരുവനന്തപുരം: ഒടുവില്‍ എല്ലാരുമെത്തുന്ന തൈക്കാട് ശാന്തികവാടം സ്മശാനത്തിലും മൃതദേഹങ്ങള്‍ക്ക് ശാന്തിയില്ലെന്ന പ്രതിസന്ധി ബന്ധുമിത്രാദികളുടെ ഹൃദയം വേദനിപ്പിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാന യാത്രയയപ്പിനായി കൊണ്ടുവരുമ്പോള്‍ സ്മശാനത്തിലെ ദുരിതങ്ങള്‍ ബന്ധുക്കളുടെയും ഇടനെഞ്ച് പൊട്ടിക്കുന്നത് പതിവ് കാഴ്ചയാകുമ്പോള്‍ ഇതിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്.
കോര്‍പ്പറേഷന് കീഴിലുള്ള ശാന്തികവാടത്തില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ആകെയുള്ള നാല് വിറക് സ്മശാനത്തില്‍ ഒരെണ്ണം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. പ്രവര്‍ത്തനത്തിലുള്ള മൂന്ന് സ്മശനത്തില്‍ അടുത്തടുത്തായുള്ള രണ്ട് ചിതകളുടെ ചുമര്‍ ഏതു സമയത്തും പൊളിഞ്ഞു നിലം പൊത്താവുന്ന സ്ഥിതിയിലും.
ചിതകള്‍ക്ക് ചുറ്റുമോടുന്ന എലികളുടെ ശല്യം മറ്റൊരു ദുരിതമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കോടികളുടെ നവീകരണ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഒന്നുമുണ്ടായില്ല.
ശ്‌മശാനത്തിന്റെറോഡിന് സമാന്തരമായി അകത്ത് വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള പ്ലാന്‍ ഫയലില്‍ ഉറങ്ങുമ്പോഴാണ് വിറക് ദൗര്‍ലഭ്യമുള്‍പ്പെടെ സ്മശാനം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്നത്. ഇതോടൊപ്പം എല്‍പിജിയില്‍ പ്രവര്‍ത്തിക്കുന്ന സ്മശനത്തിന് വാതക വിതരണം നിലച്ചതും സ്മശാനത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
ജീവനക്കാര്‍ക്ക് ശമ്പളം കൂടി മുടങ്ങിയതോടെ സ്മശാനത്തിന്റെ പ്രവര്‍ത്തനത്തില്‍ താളപ്പിഴ വര്‍ദ്ധിച്ച് പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.
വിറക് സ്മശാനത്തിന്റെ പ്രവര്‍ത്തനം രാത്രി പത്തു മണിവെരെയുണ്ടായിരുന്നത് ഏഴര മണിവരെയാക്കി ചുരുക്കിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് കോര്‍പ്പറേഷനിലെ പ്രതിപക്ഷമായ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.എസ്.ശബരീനാഥിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ സ്മശാനം സന്ദര്‍ശിച്ച് പ്രതിഷേധിച്ചു.
ഇതിന് പിന്നാലെ ശാന്തികവാടത്തിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഇടതുകക്ഷി നേതാവ് എസ്.പി.ദീപക് കോര്‍പ്പറേഷന്‍ ഭരണസമിതിയോട് ആവശ്യപ്പെട്ടു.
ആരോപണങ്ങളെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം കമ്മിറ്റി അദ്ധ്യക്ഷന്‍ എം.ആര്‍.ഗോപന്‍ സ്മശാനം സന്ദര്‍ശിച്ചു. ജീവനക്കാരില്ലാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അതിനാലാണ് വിറകു സ്മശാനം രാത്രി ഏഴര വരെയാക്കിയതെന്നും അത് മാറ്റി ഇനി മുതല്‍ രാത്രി പത്തു മണിവരെയാക്കുമെന്നും അറിയിച്ചു. നിലവിലെ ജീവനക്കാര്‍ രണ്ട് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കുമെന്നും ഗോപന്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
