സ്ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന കൊല്ലം എംഎൽഎ മുകേഷ് രാജിവയ്ക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് മുൻ മന്ത്രി എം.എം.മണി. തോന്നിവാസം ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും മുകേഷിനെതിരായ എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിലപാട് കടുപ്പിച്ചതോടെ സിപിഎം സമ്മർദ്ദത്തിലായിരിക്കുകയാണ്. അതേസമയം ലൈംഗിക പീഡന പരാതി ഉയർന്ന കൊല്ലം എംഎൽഎ എം മുകേഷിന് പരിച തീർത്ത് സിപിഎമ്മിലെ മുതിർന്ന വനിത നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കുറ്റം ചെയ്തെന്ന് കണ്ടെത്തിയാൽ മുകേഷിന് എംഎൽഎയായി തുടരാനാകില്ലെന്നും അതിനുമുമ്പ് രാജിവെക്കണമെന്ന് പറയാൻ പറ്റില്ലെന്നും സിപിഎം നേതാവ് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു. ഇത് നിയമപരമായി പരിശോധിക്കേണ്ട കാര്യമാണെന്നും ശൈലജ കൂട്ടിചേർത്തു.
ലൈംഗിക പീഡന പരാതിയിൽ കേസെടുത്തെങ്കിലും നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.കെ.ശ്രീമതി പറയുന്നത്. ആരോപണ വിധേയർ മാറി നിൽക്കണം എന്ന് നിയമത്തിൽ പറയുന്നില്ലെന്ന് ശ്രീമതി തുറന്നടിച്ചു.രാഷ്ട്രീയം നോക്കി സർക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകൾ ഉൾപ്പെടെ എന്തുകൊണ്ട് മറ്റ് സംഭവങ്ങൾ ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി ചോദിച്ചു.
ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നത് സർക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാൽ സർക്കാർ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ വാക്കുകൾ പൂർണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ടീമിനെ അഭിനന്ദിക്കുന്നു. മുഖം നോക്കാതെയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.