തിരുവനന്തപുരം: ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആരും പാർട്ടിക്ക് പുറത്തുപോകാൻ പാടില്ല. എല്ലാവരും പാർട്ടിക്ക് അകത്ത് നിൽക്കണം.
അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്നും കെ മുരളീധരൻ പറഞ്ഞു
എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകൾക്ക് പുറമെ പുറത്തുള്ള വോട്ടു കൂടി കിട്ടിയിട്ടാണ്. പക്ഷേ പാർട്ടി പ്രവർത്തകരാണ് അതിനു വേണ്ടി പണി എടുക്കുന്നത്. 1984ലും തുടർന്ന് 89ലും 91ലും എ ചാൾസ് തിരുവനന്തപുരത്ത് നിന്ന് ജയിച്ചിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർഥി ആണെങ്കിലെ ജയിക്കാനാകൂവെന്നും മുരളീധരൻ പറഞ്ഞു.കേരളത്തിൽ ഒരു കാലത്തും കോൺഗ്രസിന് നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. എല്ലാവരും പാർട്ടിയിലെ ഉന്നത സ്ഥാനങ്ങളിലിരിക്കാൻ യോഗ്യരാണ്.
രാഹുൽ ഗാന്ധി ഒരിക്കലും തരൂരിനെ മോശക്കാരനായി ചിത്രീകരിക്കുകയൊ, തളളിപ്പറയുകയോ ചെയ്തിട്ടില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സേവനം പാർട്ടിക്ക് ആവശ്യമാണ്. എല്ലാ വിഭാഗങ്ങളും കൂടിയതാണ് പാർട്ടി. അദ്ദേഹത്തിനെ ഒരിക്കലും മാറ്റി നിർത്താൻ പാടില്ലെന്നും മുരളീധരൻ പറഞ്ഞു.
അന്താരാഷ്ട്ര വിഷയങ്ങളിൽ അദ്ദേഹത്തിന് മികച്ച രീതിയിൽ സംസാരിക്കാൻ അറിയാമെന്നും കെ മുരളീധരൻ പറഞ്ഞു. യുവ വോട്ടർമാരെ ആകർഷിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. ദേശീയ രാഷ്ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുക.
പിണറായി വിചാരിച്ചാൽ പോലും മൂന്നാമത് അധികാരത്തിൽ എത്താൻ കഴിയില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. നേരത്തെ പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു. തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലങ്കില്‍ മറ്റുവഴികള്‍ തേടുന്നുവെന്ന നിലപാട് തരൂര്‍ വ്യക്തമാക്കി.
പാര്‍ട്ടി അടിത്തറ വികസിപ്പിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരും. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കണമെങ്കില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. നേതാക്കളുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി താന്‍ അഭിപ്രായം പറയുന്നതിന് ജനപിന്തുണയുണ്ട്. കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ തനിക്ക് മറ്റുവഴികളുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.