എഡിജിപി എംആർ അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് ഡിജിപിക്ക് കൈമാറുമെന്നും റിപ്പോർട്ട്.
അനധികൃത സ്വത്ത് സമ്പാദനം,കവടിയാറിൽ ആഡംബര വീട് നിർമ്മിച്ചത്, കുറവൻകോണത്തെ ഫ്‌ളാറ്റ് വിൽപന,മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്ന് വിജിലൻസ് കണ്ടെത്തി.
സ്വർണക്കടത്ത് കേസിൽ തെളിവ് ഹാജരാക്കാൻ പിവി അൻവറിന് കഴിഞ്ഞില്ല. കവടിയാറിൽ ആഡംബര വീട് നിർമിക്കാൻ എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ ലോൺ എടുത്തതായും കണ്ടെത്തി. വീടു നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചതായും സ്വത്തുവിവരങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്ക് വീണ്ടും വിറ്റെന്നും ഇത്തരത്തിൽ പണം തട്ടിയെന്നുമുള്ള ആരോപണം ശരിയല്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സർക്കാരിനെ അറിയിക്കുന്നതുൾപ്പെടെ എല്ലാ നടപടിക്രമങ്ങളും അജിത് കുമാർ പാലിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
അന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് കസ്റ്റംസിലെ ചിലരുമായി ചേർന്ന് കരിപ്പൂർ വഴി സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയെന്നും അജിത്കുമാറിന് രഹസ്യവിവരം ലഭിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.എന്നാൽ, സുജിത് ദാസിൻ്റെ കാലത്താണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ചിലർ കേസുകളിൽ കുടുങ്ങിയതായും കണ്ടെത്തി.
മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച സംഭവത്തിലും അജിത്കുമാറിനെ പൂട്ടാനുള്ള ഒന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് മാറ്റിയതിന് പിന്നാലെയാണ് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്.അതേസമയം സർക്കാരിന് പ്രിയങ്കരനായ ഉദ്യോഗസ്ഥനെതിരായ വിജിലൻസ് അന്വേഷണം വെറും കപാട്യമാണെന്ന് പ്രതിപക്ഷം നേരത്തെ വിമർശിച്ചിരുന്നു.