ഹേമ കമ്മിറ്റി മുൻപാകെ മൊഴി കൊടുത്ത ഡബ്ല്യു.സി.സി അംഗങ്ങളിലാരെങ്കിലും കേസുമായി മുൻപോട്ടു പോകാൻ ധൈര്യപ്പെടുന്നുണ്ടോയെന്ന് ഭാഗ്യലക്ഷ്മി. കമ്മിറ്റിക്ക് മൊഴി കൊടുത്ത 62 പേരും ഡബ്ല്യുസിസിയിലെ അംഗങ്ങളോ അവർ നിർദേശിച്ചവരോ ആണ്. അവരുടെ രഹസ്യമൊഴി പുറത്തു വരരുതെന്ന് നിർദേശിച്ചതും അവരാണ്. ഹേമ കമ്മിറ്റിക്ക് താൻ കൊടുത്ത മൊഴി പുറത്തുവിടുന്നതിൽ ഭയക്കുന്നില്ലെന്നും കേസുമായി മുൻപോട്ടു പോകാനുള്ള ആർജ്ജവം മറ്റുള്ളവരും കാണിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:
‘ഹേമ കമ്മിറ്റി റിപ്പോർട്ട് ഡബ്ല്യു.സി.സിയുടെ വിജയം ആയിക്കൊള്ളട്ടെ. ഞാനെന്തെങ്കിലും പറഞ്ഞാൽ ഡബ്ല്യു.സി.സിയിൽ ഇല്ലാത്തതുകൊണ്ടാണെന്നു പറയും. സത്യത്തിൽ അതുകൊണ്ടല്ല. ഡബ്ല്യു.സി.സി എന്ന കൂട്ടായ്മയിൽ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഈ കൂട്ടായ്മ ഞാൻ കണ്ടത് ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും മാത്രമാണ്. അന്ന് മുഖ്യമന്ത്രിയെ കാണാൻ പോയത് ആരായിരുന്നു ? മലയാളത്തിലെ പ്രശസ്തരായ നടിമാർ ! ഈ പ്രശസ്തരായ നടിമാർക്കൊന്നും ഇവിടെ പ്രശ്നങ്ങളില്ല. ആദ്യമായി വരുന്നവർക്കാണ് പ്രശ്നം. ഇനി അവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ആരാണെന്ന് അവർ പോലും തുറന്നു പറയുന്നില്ല. അവർ ആദ്യകാലങ്ങളിലും പ്രതികരിച്ചിട്ടില്ല. ഇപ്പോഴും പറയുന്നില്ല.’ ഭാഗ്യലക്ഷ്മി പറഞ്ഞു.