ഇരട്ടക്കൊല കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന് വിധിക്കും

പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതി സംഭവദിവസം ജാമ്യത്തിലിറങ്ങി പുനലൂരിലേക്ക് വരികയായിരുന്നു. മുൻപരിചയമുള്ള ഇന്ദിരയുടെ വീട്ടിലേക്ക് എത്തിയ പ്രതി രാത്രി അവിടെയുണ്ടായിരുന്ന ബിജുകുമാറിനൊപ്പം മദ്യപിച്ചു. ഇതിനിടയിൽ പ്രതി ഇന്ദിരയെ കടന്നുപിടിച്ചു.

author-image
Shibu koottumvaathukkal
New Update
IMG-20250728-WA0027

കൊല്ലം : പുനലൂർ ഇരട്ടക്കൊലപാതക കേസിൽ പിടിയിലായ പ്രതി കുറ്റക്കാരനെന്ന് അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജ് പി എൻ വിനോദ് കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. 

കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം വെട്ടിപ്പുഴ പാലത്തിൽ താഴെത്തോട്ടിൽ താമസിച്ചിരുന്ന സ്ത്രീയും പുരുഷനും കൊല്ലപ്പെട്ട കേസിലെ പ്രതിയായ തമിഴ്‌നാട് തെങ്കാശി സ്വദേശി ശങ്കറിനെ (38)യാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. വെട്ടിപ്പുഴതോട് പുറമ്പോക്കിൽ താമസിച്ചിരുന്ന ഇന്ദിര (56) ഒപ്പമുണ്ടായിരുന്ന പത്തനാപുരം സ്വദേശി മൊഴയൻ ബാബു (60)എന്നിവരാണ് കൊല്ലപ്പെട്ടത്.  

2023 ഏപ്രിൽ 18-ന് രാത്രി 11-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . 2021ൽ പൂയപ്പള്ളി മരുതമൺ പള്ളി സ്വദേശിനി ശാന്തയെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവുകാരനായി പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതി സംഭവദിവസം ജാമ്യത്തിലിറങ്ങി പുനലൂരിലേക്ക് വരികയായിരുന്നു. മുൻപരിചയമുള്ള ഇന്ദിരയുടെ വീട്ടിലേക്ക് എത്തിയ പ്രതി രാത്രി അവിടെയുണ്ടായിരുന്ന ബിജുകുമാറിനൊപ്പം മദ്യപിച്ചു. ഇതിനിടയിൽ പ്രതി ഇന്ദിരയെ കടന്നുപിടിച്ചു. ചോദ്യംചെയ്‌ത ബിജുകുമാറിനെ ആക്രമിച്ചു. ഇന്ദിരയെ മർദിച്ച് അവശയാക്കിയശേഷം അമ്മിക്കല്ല് രണ്ടുതവണ തലയിലേക്ക് ഇട്ടു. തടയാനെത്തിയ ബാബുവിനെ ഇൻ്റർലോക് ടൈൽ കൊണ്ട് തലയിൽ അടിച്ചു. ഇരുവരുടെയും മരണം ഉറപ്പാക്കി ശരീരം വീടിനുള്ളിലേക്ക് വലിച്ചിട്ടശേഷം കടന്നു. രണ്ടുദിവസത്തിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ദുർഗന്ധം പരന്നതോടെ നടത്തിയ തിരച്ചിലിൽ വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യം നേരിൽകണ്ട ബിജുകുമാറും കൊലപാതകവിവരം പ്രതിയിൽനിന്ന് അറിഞ്ഞ രഘുവും അടക്കം 32 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ശാന്ത കൊലക്കേസിൽ പ്രതി കൊട്ടാരക്കര അഡീഷണൽ ജില്ലാ കോടതിയിൽ നിലവിൽ വിചാരണ നേരിടുകയാണ്. പുനലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി രാജേഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്ക്കൽ ഹാജരായി

 

kollam murder punalur