അനധികൃത സ്വത്ത്; സസ്‌പെന്‍ഷനിലായിരുന്ന ബെവ്‌കോ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു

65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടര്‍ന്നാണാണ് ബെവ്‌കോ റീജിയണല്‍ മാനേജര്‍ കെ റാഷയെ കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തത്. മദ്യക്കമ്പനികളില്‍ നിന്ന് വാങ്ങിയ പ്രതിഫലമാണ് ഈ അനധികൃത സ്വത്ത് എന്നായിരുന്നു വിജിലന്‍സ് പറഞ്ഞിരുന്നത്.

author-image
Biju
New Update
drrg

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്‌പെന്‍ഷനിലായിരുന്ന ബെവ്‌കോ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു. ബെവ്‌കോ റീജിയണല്‍ മാനേജര്‍ ആയിരുന്ന കെ റാഷയെയാണ് തിരിച്ചെടുത്തത്. വിജിലന്‍സ് അനുമതി നല്‍കിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്‌കോയുടെ വിശദീകരണം. 

65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടര്‍ന്നാണാണ് ബെവ്‌കോ റീജിയണല്‍ മാനേജര്‍ കെ റാഷയെ കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തത്. മദ്യക്കമ്പനികളില്‍ നിന്ന് വാങ്ങിയ പ്രതിഫലമാണ് ഈ അനധികൃത സ്വത്ത് എന്നായിരുന്നു വിജിലന്‍സ് പറഞ്ഞിരുന്നത്. 

പെരിന്തല്‍മണ്ണയിലും തിരുവനന്തപുരത്തും റീജിയണല്‍ മാനേജറായ കെ റാഷയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം നടത്തി. 

റാഷയുടെ മലപ്പുറത്തെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി. ഇങ്ങനെ തുടര്‍ച്ചയായ പരിശോധനയിലാണ് റാഷ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായും 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതെന്നാണ് വിജിലന്‍സ് പറഞ്ഞിരുന്നത്.

വിജിലന്‍സിന്റെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബെവ്‌കോ എംഡി റാഷയെ സസ്‌പെന്‍ഡ് ചെയ്തത്. ബെവ്‌കോയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ മദ്യക്കമ്പനികളില്‍ നിന്ന് പണം വാങ്ങി ചില കമ്പനികളുടെ മദ്യം വില്‍ക്കാന്‍ സഹായിക്കുന്നതായി മുമ്പ് തന്നെ ആരോപണങ്ങള്‍ വന്നിരുന്നു. ആകെ ഒരു കോടി 14 ലക്ഷം രൂപയുടെ സ്വത്താണ് റാഷയ്ക്ക് ഉള്ളത്. ഇതില്‍ 48 ലക്ഷം രൂപയുടെ സ്വത്ത് മാത്രമാണ് റാഷയ്ക്ക് നിയമാനുസൃതമായി ഉള്ളതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. 

 

bevco