തിരുവനന്തപുരം മേയര്‍ ചര്‍ച്ച മാറ്റിവച്ചു; പ്രഖ്യാപനം രാജീവ് ചന്ദ്രശേഖര്‍ എത്തിയ ശേഷം

ബിജെപി ജില്ലാ കോര്‍ കമ്മിറ്റി ആദ്യം കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടും. ഇതിനുശേഷം സ്ഥാനങ്ങളിലെത്തേണ്ടവരുടെ പേര് സംസ്ഥാന കോര്‍ കമ്മറ്റിക്ക് കൈമാറും. സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തിന്റെകൂടി അഭിപ്രായം തേടിയശേഷമാവും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

author-image
Biju
New Update
sdf

തിരുവനന്തപുരം: തലസ്ഥാനത്തെ മേയര്‍ ചര്‍ച്ചകള്‍ രണ്ടു ദിവസത്തേക്കു മാറ്റിവച്ച് ബിജെപി. ബെംഗളൂരുവിലേക്കു പോയ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യാഴാഴ്ച തലസ്ഥാനത്തെത്തും. അതിനുശേഷമാവും അന്തിമ തീരുമാനമുണ്ടാവുക. 21-നാണ് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ. 26-നാണ് മേയര്‍ തിരഞ്ഞെടുപ്പ്. മേയര്‍ സ്ഥാനത്തേക്ക് വി.വി. രാജേഷ്, ആര്‍. ശ്രീലേഖ, കരമന അജിത് തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം ബിജെപി പരിഗണിക്കുന്നുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ആര്‍. ശ്രീലേഖ, സിമി ജ്യോതിഷ് തുടങ്ങിയവര്‍ പരിഗണനയിലുണ്ട്.

ബിജെപി ജില്ലാ കോര്‍ കമ്മിറ്റി ആദ്യം കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടും. ഇതിനുശേഷം സ്ഥാനങ്ങളിലെത്തേണ്ടവരുടെ പേര് സംസ്ഥാന കോര്‍ കമ്മറ്റിക്ക് കൈമാറും. സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തിന്റെകൂടി അഭിപ്രായം തേടിയശേഷമാവും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ ജില്ലയിലെ നിയമസഭാമണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ജില്ലയിലെ 14 മണ്ഡലങ്ങളില്‍ 11-ലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. ജില്ലയിലെ യുഡിഎഫിന്റെ ഏക നിയമസഭാ സീറ്റായ കോവളത്ത് എല്‍ഡിഎഫിനാണ് വോട്ട് കൂടുതല്‍. പകരം നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് മുന്നിലെത്തി.

വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ എന്‍ഡിഎയാണ് മുന്നില്‍. രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് എന്‍ഡിഎയ്ക്ക് രണ്ടു മണ്ഡലങ്ങളിലും ലഭിച്ചത്. രണ്ടിടത്തും തൊട്ടു പിന്നിലുള്ളത് എല്‍ഡിഎഫാണ്. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 2020-നെക്കാള്‍ കുറച്ചു പിന്നോട്ടുപോയി. 2010-നു സമാനമായ മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിനുമായില്ല.

ഇത്തവണ കോര്‍പ്പറേഷനില്‍ ബിജെപി നടത്തിയ തേരോട്ടമാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വെല്ലുവിളിയാകുന്നത്. ജില്ലയിലെ ന്യൂനപക്ഷ മേഖലകളില്‍ യുഡിഎഫ് ശക്തമായ തിരിച്ചുവരവു നടത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമായതാണ് നേമത്തെ ബിജെപിയുടെ നേമം അക്കൗണ്ട് പൂട്ടാന്‍ എല്‍ഡിഎഫിനെ സഹായിച്ചത്.

നഗരത്തിനുള്ളിലെ നാലു മണ്ഡലങ്ങളും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് കണ്ടറിയേണ്ടതാണ്. സെമിഫൈനലായ തദ്ദേശം കഴിഞ്ഞതോടെ നിയമസഭാ തിരഞ്ഞെടുപ്പെന്ന ഫൈനലിലേക്കുള്ള കരുനീക്കങ്ങളും മുന്നൊരുക്കങ്ങളും മുന്നണികള്‍ തുടങ്ങിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങളും വോട്ടായി മാറുന്നുണ്ട്. വിമതന്മാരും സ്വതന്ത്രന്മാരും പിടിക്കുന്ന വോട്ടുകളും മുന്നണികളെ ബാധിക്കും. അതിനാല്‍ തദ്ദേശത്തിലെ വോട്ടിങ് നിലയും നിയമസഭയിലെ നിലയും കൃത്യമായ രാഷ്ട്രീയതാരമ്യത്തിനു സാധിക്കില്ല. പക്ഷേ, മിക്കപ്പോഴും തദ്ദേശത്തിലെ വോട്ടുകള്‍ നിയമസഭയിലേക്കുള്ള തരംഗത്തിന്റെ കൃത്യമായ സൂചന നല്‍കാറുണ്ട്.

2010-ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വന്‍ വിജയം നേടിയ യുഡിഎഫ്, 2011-ല്‍ നിയമസഭയില്‍ എട്ടു സീറ്റുകളാണ് നേടിയത്. 2010-ല്‍ ആദ്യമായി ജില്ലാ പഞ്ചായത്ത് ഭരണം വരെ യുഡിഎഫിനൊപ്പമായിരുന്നു. എഴ് ബ്ലോക്ക് പഞ്ചായത്തുകളും നേടി.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാറശ്ശാല ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിന് ശക്തമായ ലീഡുമുണ്ടായിരുന്നു. എല്‍ഡിഎഫിന് ആറ് സീറ്റും ലഭിച്ചു. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചുവന്നു. ജില്ലാ പഞ്ചായത്തിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം പിടിച്ച് ശക്തി തെളിയിച്ചു.

47 പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷവും നേടി. ഈ തിരഞ്ഞെടുപ്പിലാണ് ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 35 വാര്‍ഡുകള്‍ ജയിച്ച് പ്രധാന പ്രതിപക്ഷമായത്. രണ്ട് പഞ്ചായത്തുകളില്‍ ഒന്നാമതുമെത്തി. ഇതിനു സമാനമായിരുന്നു 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് തരഗം.

2016-ല്‍ ബിജെപി ആദ്യമായി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നു. ഇതിന്റെ മുന്നോടിയായിരുന്നു കോര്‍പ്പറേഷനിലുണ്ടാക്കിയ നേട്ടം. അതുപോലെ എല്‍ഡിഎഫിന്റെ തദ്ദേശത്തിലെ തിരിച്ചുവരവ് നിയമസഭയിലും പ്രതിഫലിച്ചു. ഒന്‍പത് മണ്ഡലങ്ങള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതില്‍ കാട്ടാക്കട ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ നല്ല ഭൂരിപക്ഷവുമുണ്ടായിരുന്നു. യുഡിഎഫ് നാലായി ചുരുങ്ങി.

ഇതേ വിജയം 2020-ലെ തദ്ദേശത്തില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ജില്ലാ പഞ്ചായത്ത് നിലനിര്‍ത്തിയതിനൊപ്പം 10 ബ്ലോക്ക് പഞ്ചായത്തുകളും ഒപ്പം കൂട്ടി. 51 ഗ്രാമപ്പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പമായിരുന്നു. അതേസമയം, ബിജെപി കോര്‍പ്പറേഷനില്‍ പ്രതീക്ഷച്ചതുപോലെ ഉയര്‍ന്നില്ല. 35 സീറ്റുകള്‍ നിലനിര്‍ത്തിയെങ്കിലും 2015-ല്‍ ലഭിച്ച 11 വാര്‍ഡുകള്‍ നഷ്ടമായിരുന്നു. മറ്റ് 11 വാര്‍ഡുകളില്‍ക്കൂടി ജയിച്ചതിനാല്‍ എണ്ണം താഴാതെ നിലനിന്നു.